അനധികൃത മത്സ്യബന്ധനം; കർണാടക ബോട്ടുകൾക്ക് അഞ്ചു ലക്ഷം രൂപ പിഴ
text_fieldsകാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു കർണാടക ബോട്ടുകൾ പിടികൂടി അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.
കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി നീലേശ്വരം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ നിരോധിച്ച പെഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടുകളായ ബ്രിന്ദാവൻ, തിരംഗ എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസി. ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസറായ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ അർജുൻ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രമോദ്, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പവിത്രൻ, സീ റെസ്ക്യൂ ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു, എൻജിൻ ഡ്രൈവർ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

