അനധികൃത മത്സ്യബന്ധനം; കർണാടക ബോട്ടുകൾ പിടിയിൽ
text_fieldsപിടികൂടിയ കർണാടക ബോട്ട്
കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു കർണാടക ബോട്ടുകൾ പിടികൂടി. അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
ശനിയാഴ്ച രാത്രി കാസർകോട് തീരത്തുനിന്ന് 10 നോട്ടിക്കൽ മൈലിനുള്ളിൽ നിരോധിച്ച പെഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനും നൈറ്റ് ട്രോളിങ് ചെയ്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടുകളായ ബ്ലൂ സ്കൈ, മിഹാൽ എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴവിധിച്ചത്.
കാഞ്ഞങ്ങാട് മത്സ്യ ഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസറായ കെ.എസ് ടെസ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ അർജുൻ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സുഭാഷ്, ബേക്കൽ കോസ്റ്റൽ പൊലീസ് സജിത്ത്, സീ റെസ്ക്യൂ ഗാർഡ് അജീഷ്കുമാർ, ഹാർബർ റെസ്ക്യൂ ഗാർഡ് ബിനീഷ്, അക്ബർ അലി, സ്രാങ്ക് ബാദുഷ, ഡ്രൈവർ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

