ജില്ലയിൽ കനത്ത മഴ; പരക്കെ നാശം
text_fieldsതൃക്കരിപ്പൂർ വയലോടിയിലെ കൊടക്കൽ വസന്തയുടെ വീട് തകർന്ന നിലയിൽ
കാസർകോട്: ജില്ലയിൽ കാലവർഷം കാറ്റും മഴയുമായി ശക്തിപ്രാപിക്കുകയാണ്. ഇതോടെ, പല പ്രദേശങ്ങളിലും വൈദ്യുതിയടക്കം നിലച്ചിരിക്കുകയാണ്. കാലവർഷത്തിന്റെ തുടക്കത്തിൽതന്നെയുണ്ടായ ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതിവിതരണം തടസ്സപ്പെട്ടത് കുമ്പളയിലെ ജനങ്ങളെ വലച്ചു. വിവിധ പ്രദേശങ്ങളിൽ മരം വീണും വൈദ്യുതിത്തൂണുകൾ തകർന്നും കമ്പികൾ പൊട്ടിയുമാണ് വൈദ്യുതിബന്ധം തകരാറിലായത്.
ഉപഭോക്താക്കളുടെ പരാതിയിൽ രാത്രി വൈകിയും പരക്കംപായുകയാണ് ജീവനക്കാർ. പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.കാലവർഷത്തിനു മുമ്പും കുമ്പളയിൽ ഇതേ അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. കുമ്പള സെക്ഷൻ പരിധിയിൽ ഉപഭോക്താക്കളുടെ വർധനയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നുണ്ട്. ഇതിനനുസരിച്ചുള്ള അടിസ്ഥാനവികസനം കുമ്പള സെക്ഷൻ പരിധിയിലില്ല.
നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കമ്പിയിൽ പൊട്ടിവീണ് വൈദ്യുതിബന്ധം നിലച്ചു. ഇതോടെ, നീലേശ്വരത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ചയും ഞായറാഴ്ചയും വൈദ്യുതി പൂർണമായും ഇല്ലാതായി. ദ്വീപ് നാടായ മുണ്ടേമ്മാടിൽ ശനിയാഴ്ച മുടങ്ങിയ വൈദ്യുതി വിതരണം ലഭ്യമാക്കാൻ ഞായറാഴ്ചയും കഴിഞ്ഞില്ല. മുണ്ടേമ്മാട് റോഡിൽ തെങ്ങ് കടപുഴകി വൈദ്യുതിക്കമ്പി പൊട്ടി റോഡിൽ കിടക്കുകയാണ്. സംഭവം നീലേശ്വരം സെക്ഷൻ ഓഫിസിൽ വിളിച്ചുപറഞ്ഞിട്ടും ആരും ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതുമൂലം റോഡിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനോ ആളുകൾക്ക് നടക്കാനോ പറ്റാത്ത സ്ഥിതിയാണ്. ഇവിടെ ലൈൻ മൊത്തം റോഡിൽ വീണുകിടക്കുകയാണ്.
കുഞ്ഞാലിൻ കീഴിൽനിന്ന് നാരാക്കുളങ്ങര ഭാഗത്തേക്ക് പോകുന്ന ലൈനിൽ തൂണുകൾ പൊട്ടിവീണു. രാമരം റോഡിൽ തെങ്ങിന്റെ ഓലമടലുകൾ വൈദ്യുതിക്കമ്പിയുടെ മുകളിൽ വീണു കിടക്കുകയാണ്. ബങ്കളം ഭാഗത്ത് മരങ്ങൾ പൊട്ടിവീണ് വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ആലിൻകീഴിൽ ചൂട്വം റോഡിൽ മരം പൊട്ടി വൈദ്യുതിക്കമ്പിയിൽ പതിച്ചു.
നീലേശ്വരം വൈദ്യുതി സബ് സെക്ഷൻ ഓഫിസിന് കീഴിൽ നൂറുകണക്കിന് കമ്പികളിൽ തെങ്ങും മരവും പൊട്ടിവീണിട്ടുണ്ട്. എന്നാൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ജീവനക്കാർ നീലേശ്വരം സെക്ഷനിൽ ഇല്ലാത്തതതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. ഒരു സ്ഥലത്തെ കമ്പി പൊട്ടിയത് ശരിയാക്കുമ്പോഴേക്കും മണിക്കൂറുകൾ വേണ്ടിവരും. ഇത് കഴിഞ്ഞുവേണം അടുത്ത പരാതി സ്ഥലത്തെത്താൻ. അതുകൊണ്ടാണ് ഓരോ സ്ഥലത്തും വൈദ്യുതി പ്രശ്നം പരിഹരിക്കാൻ വൈകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

