ഉദ്ഘാടനത്തിനൊരുങ്ങി, തെരുവുകച്ചവടക്കാർക്കുള്ള കേന്ദ്രം
text_fieldsഉദ്ഘാടനത്തിനൊരുങ്ങിയ പുനരധിവാസകേന്ദ്രം
കാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച തെരുവുകച്ചവടക്കാർക്കുള്ള പുനരധിവാസകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. നേരത്തെ ‘സാമൂഹികവിരുദ്ധരുടെ താവളമായി തെരുവുകച്ചവടക്കാർക്കുള്ള പുനരധിവാസകേന്ദ്രം’എന്ന തലക്കെട്ടിൽ ‘മാധ്യമം’വാർത്ത പ്രസിദ്ധീകരിക്കുകയും മുനിസിപ്പൽ ചെയർമാന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസകേന്ദ്രങ്ങൾക്ക് നഗരസഭ പൂട്ടിട്ടിരുന്നു. മുമ്പ് ഇവിടെ മദ്യക്കുപ്പികളും മനുഷ്യവിസർജ്യങ്ങളുംകൊണ്ട് വഴിനടക്കാൻപറ്റാത്ത സാഹചര്യമായിരുന്നു. പിന്നീട് പുതിയ നഗരസഭ ചെയർമാനായി അബ്ബാസ് ബീഗം സ്ഥാനമേറ്റയുടൻ ഇതിന്റെ പ്രവർത്തനം വേഗത്തിലാക്കി. ഏതാണ്ട് 95 ശതമാനത്തോളം പണികളും പൂർത്തിയായിക്കഴിഞ്ഞു. ഇലക്ട്രിക് വർക്കുകളും മറ്റും പൂർത്തിയായി.
രണ്ടു ദിവസത്തിനുള്ളിൽ കെ.എസ്.ഇ.ബിയിൽനിന്ന് മീറ്റർ കിട്ടുമെന്ന് അധികൃതർ അറിയിച്ചു. സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതുകൊണ്ടുതന്നെ അവസാനവട്ട മിനുക്കുപണികൾ ഉദ്ഘാടനത്തിന് രണ്ടുദിവസംമുന്നേ ചെയ്യുമെന്നാണ് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചിട്ടുള്ളത്. 2024 ജനുവരിക്കുമുന്നേ തുറന്നുകൊടുമെന്നായിരുന്നു അന്നത്തെ ചെയർമാൻ പറഞ്ഞത്. എന്നാൽ, പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം, പുതിയ ചെയർമാൻ വന്നതോടുകൂടി പണി ത്വരിതഗതിയിൽ തുടരുകയായിരുന്നു.
ബസുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് നിർമാണപ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് അന്ന് പറഞ്ഞത്. അന്ന് ഇതുസംബന്ധിച്ച് നിരവധിയായ ആരോപണങ്ങളായിരുന്നു ഉയർന്നത്. തൊഴിലാളിസംഘടനകളും യുവജനപ്രസ്ഥാനങ്ങളും ഇതിൽ പ്രതിഷേധങ്ങളടക്കം നടത്തിയിട്ടുണ്ടായിരുന്നു. ഇരുപതോളം പേർക്കാണ് ഇവിടെ ഷെഡുകൾ ഒരുക്കിയിട്ടുള്ളത്. ഏതായാലും ഉദ്ഘാടനത്തിനൊരുങ്ങിയതിൽ തെരുവുകച്ചവടക്കാർക്ക് ആശ്വസിക്കാം. ഇതോടെ ഒരുപരിധിവരെ തെരുവിൽ കച്ചവടം ചെയ്യുന്നവർക്കും ടൗണിൽ വരുന്ന പൊതുജനങ്ങൾക്കും ദുരിതം കുറയുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

