ഹോർട്ടികൾചർ തെറപ്പി യൂനിറ്റ് തുടങ്ങി
text_fieldsതിരുമുമ്പ് ഹെറിറ്റേജ് അഗ്രി ടൂറിസം സെന്ററിൽ ഹോർട്ടികൾചർ തെറപ്പി യൂനിറ്റ്
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സി.ഇ.ഒ ഡോ. കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്യുന്നു
ചെറുവത്തൂർ: ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രത്തിൽ തിരുമുമ്പ് ഹെറിറ്റേജ് അഗ്രി ടൂറിസം സെന്ററിൽ ഹോർട്ടികൾച്ചർ തെറപ്പി യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. പ്രകൃതിയുടെയും ചെടികളുടെയും സഹായത്തോടെ മനുഷ്യരുടെ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തുന്ന ചികിത്സാരീതിയാണ് ഹോർട്ടി തെറപ്പി.
ചെടി നട്ടുവളർത്തലിലും വെള്ളം ഒഴിക്കലിലും മണ്ണുനിറക്കലിലും ഉൾപ്പെടെ തോട്ടപരിപാലന പ്രവർത്തനങ്ങൾ വഴി ഭിന്നശേഷിക്കാരായ കൗമാരക്കാർക്ക് കൈ-കാൽ ചലനങ്ങൾ മെച്ചപ്പെടുകയും പേശീശക്തിയും സൂക്ഷ്മ പേശീകഴിവുകളും വികസിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്. കൂട്ടമായി തോട്ടപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ആശയവിനിമയ കഴിവും കൂട്ടായ്മ ബോധവും ഉത്തരവാദിത്തബോധവും വളർത്തി സ്വയംപര്യാപ്തതയും സാമൂഹിക ഉൾക്കൊള്ളലും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന കണ്ടെത്തലാണ് ഹോർട്ടിതെറപ്പി യൂനിറ്റ് തുടങ്ങാൻ പ്രേരകമായത്.
കേരള കാർഷിക സർവകലാശാലയുടെ പീലിക്കോട് ഗവേഷണകേന്ദ്രത്തിൽ ഹോർട്ടി കൾചർ തെറപ്പി യൂനിറ്റ് തിരുമുമ്പ് ഹെറിറ്റേജ് അഗ്രി ടൂറിസം സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കും. യൂനിറ്റിന്റെ ഉദ്ഘാടനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സി.ഇ.ഒ ഡോ. കെ. പോൾ തോമസ് നിർവഹിച്ചു. ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം അസോ. ഡയറക്ടർ ഡോ. ടി. വനജ അധ്യക്ഷത വഹിച്ചു. കെ. അബ്രഹാം, എം. സുദേവ് കുമാർ, സജു എസ്. തോപ്പിൽ, ബ്ലെസിൽ സെബാസ്റ്റ്യൻ, എൻ. ശ്രീവത്സൻ, വി.വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലെ ഡോ. കെ. ബിപിൻ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ഹോർട്ടികൾചർ തെറപ്പി പരിശീലിക്കുന്നവരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

