കാസർകോട്ടെ കോവിഡ് ചികിത്സ സൗകര്യം: റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കാസർകോട് ജില്ലയിലെ കോവിഡ് രോഗികൾക്ക് മതിയായ വെൻറിലേറ്റർ, ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ (ഡെൽസ) ഹൈകോടതി ചുമതലപ്പെടുത്തി.
ജില്ലയിൽ മതിയായ വെൻറിലേറ്റർ -ഒാക്സിജൻ സൗകര്യമില്ലെന്ന് കാട്ടി കാസർകോട് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജനറൽ സെക്രട്ടറി റാഷിദ് മൊഹിയുദ്ദീൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം.
കോവിഡ് രോഗികൾക്ക് മതിയായ സൗകര്യങ്ങളൊരുക്കിയെന്ന് സർക്കാർ അറിയിച്ചെങ്കിലും അവകാശ വാദങ്ങൾ തെറ്റാണെന്ന് ഹരജിക്കാരൻ പറഞ്ഞു. തുടർന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു.