കോയിപ്പാടി കടൽഭിത്തിയും കടലെടുക്കുന്നു; ആശങ്കയൊഴിയാതെ തീരവാസികൾ
text_fieldsകുമ്പള കോയിപ്പാടിയിൽ കടൽഭിത്തി തകർത്തുള്ള കടൽക്ഷോഭം
കാസർകോട്: കഴിഞ്ഞ ഒരുപതിറ്റാണ്ട് പിടിച്ചുനിന്ന കുമ്പള കോയിപ്പാടിയിലെ കടൽഭിത്തിയും കടലെടുക്കാൻ തുടങ്ങിയത് പ്രദേശവാസികളിൽ ആശങ്ക വർധിച്ചു. കുമ്പളയിലെ മറ്റു തീരമേഖലയിലെ കടൽഭിത്തികൾ ഒന്നൊന്നായി കടൽ വിഴുങ്ങുമ്പോഴും കുറച്ചൊക്കെ സംരക്ഷണവലയം തീർത്തത് കോയിപ്പാടിയിലെ കടൽഭിത്തിയായിരുന്നു. കടൽഭിത്തി തകരാതിരിക്കാൻ കുറച്ചുഭാഗത്ത് ജിയോ ബാഗ് കൊണ്ട് പൂഴികൾ നിറച്ച് കഴിഞ്ഞവർഷം സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഈവർഷം തുടക്കത്തിൽതന്നെയുള്ള ശക്തമായ കടലാക്രമണം കടൽഭിത്തികളുടെ തകർച്ചക്ക് കാരണമായി.
കുമ്പള തീരമേഖലയിൽ കോയിപ്പാടിയിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ഇവിടെയാണ് കടൽഭിത്തി തകർച്ച നേരിടുന്നത്. രൂക്ഷമായ കടലേറ്റം കടൽഭിത്തിയും തീരദേശ റോഡും ഭേദിച്ച് വീട്ടുപറമ്പുകളിൽ എത്താൻ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള നൂറുകണക്കിന് കുടുംബാംഗങ്ങളെ ഭയത്തിലാക്കുന്നത്. കോയിപ്പാടി ജി.എൽ.പി ഫിഷറീസ് സ്കൂളൊക്കെ സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. തീരദേശറോഡ് തകർന്നാൽ പ്രദേശം തീർത്തും ഒറ്റപ്പെടും. ഇത് ഒഴിവാക്കാൻ അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ തീരസംരക്ഷണത്തിന് ടെട്രോപോഡ് കടൽഭിത്തിക്കായുള്ള തീരവാസികളുടെ മുറവിളി അധികൃതർ കേൾക്കണമെന്നാണ് പ്രദേശവാസികളുടെ പരാതി. കുമ്പളയിലെ തീരദേശമേഖലയിൽ താമസിക്കുന്നവർക്ക് ജീവിത-തൊഴിൽ പ്രതിസന്ധിക്ക് സംരക്ഷണമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

