കനത്ത മഴ; ജില്ലയിൽ മരണം രണ്ടായിനിരവധി, പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
text_fieldsകാസർകോട്: കാലവർഷം കലിതുള്ളി പെയ്തതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച രാവിലെ മധൂർ പട് ലയിൽ തോട്ടിൽ വീണ് ഒരാൾ മരിച്ചു. ഇതോടെ കാലവർഷത്തിൽ ജില്ലയിൽ മരണം രണ്ടായി. പല പ്രദേശങ്ങളിലും മണ്ണിടിഞ്ഞതും മരം വീണതും മതിലിടിഞ്ഞതും ദുരിതത്തിന് കാരണമായി. മലയോര ഹൈവേയുടെ ഭാഗമായ നന്ദരപ്പദവ്-ചേവാർ റോഡിൽ മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ മിയാപ്പദവ്-പൈവളിഗെ-ഉപ്പള റൂട്ടിൽ പോകണമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. വെള്ളിക്കോത്ത്-ചാലിങ്കാൽ റോഡിൽ വീണച്ചേരി നിർമാണം പൂർത്തിയായ ഇരുനില അപ്പാർട്മെന്റിന്റെ തറ ഒഴികെയുള്ള അരിക് മുഴുവനായി ഇടിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ഇടിഞ്ഞത്. ഉള്ളാളിൽ വലിയ മരം റെയിൽവേ ലൈനിൽ വീണതിനാൽ ട്രെയിനുകൾ പിടിച്ചിടേണ്ടിവന്നു. ഉദുമയിൽ റെയിൽവേ ലൈനിൽ മരം വീണു. ചെറിയ മരമായതിനാൽ പെട്ടെന്നുതന്നെ മാറ്റി.
കാസർകോട്ടെ മുളിയാർ വില്ലേജിൽ 18 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മഞ്ചേശ്വരം താലൂക്ക്, കാസർകോട്, മുളിയാർ വില്ലേജ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മഞ്ചേശ്വരത്ത് റേഷൻ ഷോപ്പിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. പുത്തിഗെയിൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ മതിൽ ഇടിഞ്ഞു. ആർക്കും പരിക്കില്ല.
ദേശീയപാതയിൽ മലവെള്ളപ്പാച്ചിൽ; ഗതാഗതം മുടങ്ങി
കനത്തമഴയിൽ ചെർക്കള-ചട്ടഞ്ചാൽ റോഡിൽ ദേശീയപാതക്കുവേണ്ടി മണ്ണെടുത്ത കുന്നിടിഞ്ഞ് മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ, ഇതുവഴിയുള്ള ബസുകൾ താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. വെള്ളിയാഴ്ച രാവിലെ മുതൽ പെയ്ത തുടർച്ചയായ ശക്തിയേറിയ മഴയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ദേശീയപാത അധികൃതരും മറ്റും സ്ഥലത്തെത്തി. കുണ്ടടുക്കത്ത് ദേശീയപാത റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. പാലം നിര്‍മാണത്തിനെടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിന് കാരണമായതെന്ന് പറയുന്നു. കലക്ടറും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

