മഴയേ, പെയ്യല്ലേ... കാലിക്കടവ് മൈതാനം കുളമാകും
text_fieldsകാലിക്കടവ് പഞ്ചായത്ത് മൈതാനം
ചെറുവത്തൂർ: പിലിക്കോട്ടെ കായിക പ്രേമികൾ ഒരേ മനസ്സോടെ പറയുന്നു,'' മഴയേ മഴയേ പെയ്യല്ലേന്ന് ''. ചെറുമഴ പെയ്താൽ തന്നെ വെള്ളം കെട്ടിക്കിടന്ന് കുളമാകുന്ന അവസ്ഥയിലാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനം ഉള്ളത്. നിരവധി കായിക താരങ്ങളെ സംസ്ഥാനത്തിന് സംഭാവന ചെയ്ത കാലിക്കടവ് മൈതാനമാണ് ഇന്ന് ചെറുമഴയിൽതന്നെ ഉപയോഗ ശൂന്യമായി മാറുന്നത്. ലക്ഷക്കണക്കിന് രൂപയാണ് മൈതാന വികസനത്തിനായി പഞ്ചായത്തും സർക്കാരും ഫണ്ടിൽനിന്നും ചെലവഴിച്ചത്.
മണ്ണിട്ട് മൈതാനത്തിന് കുഴികൾ അടച്ച് കായിക താരങ്ങൾക്ക് ഉപയോഗപ്രദമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, മഴയിൽ മണ്ണ് കുറേയധികം ഒലിച്ചുപോയി. മൈതാനത്തിന്റെ മധ്യഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്ന വിധത്തിൽ രൂപപ്പെട്ടിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് കായികതാരങ്ങൾ ആശ്രയിക്കുന്ന മൈതാനമാണിത്. സ്കൂൾ കായികമേള അടുത്തതോടെ സമീപ വിദ്യാലയങ്ങളിലെ കുട്ടികളുടെ പരിശീലനം പ്രധാനമായും ഇവിടെ നിന്നാണ്. യൂനിഫോം തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികളും പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത് കാലിക്കടവിനെയാണ്.
നിലവിൽ കാടുകളെല്ലാം വൃത്തിയാക്കി മൈതാനം മെച്ചപ്പെട്ട രീതിയിൽ ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര മണ്ണിടാത്തതിനാൽ മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ദേശീയ-സംസ്ഥാന വനിത ഫുട്ബാൾ ടീം അംഗങ്ങളുടെ ആദ്യ പരിശീലനക്കളരിയും ഈ മൈതാനമായിരുന്നു. കൗമുദി ട്രോഫി അടക്കമുള്ള സംസ്ഥാന നിലവാരത്തിലുള്ള ഫുട്ബാൾ മത്സരങ്ങൾ അടക്കം അരങ്ങേറിയ മൈതാനമാണിന്ന് അധികൃതരുടെ അനാസ്ഥ മൂലം സംരക്ഷണം ഇല്ലാതെ കിടക്കുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മൈതാനത്തിന്റെ ഒരു ഭാഗം നഷ്ടമായിരുന്നു. നിലവിലുള്ള മൈതാനത്തെ സംരക്ഷിച്ചു കായിക പരിശീലനത്തിന് പര്യാപ്തമാക്കുന്ന വിധത്തിൽ മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

