പെരുമഴയും കടൽക്ഷോഭവും; തീരവാസികൾ തളരുന്നു
text_fieldsകാസർകോട്: തീരമേഖലയിൽ ആശങ്കയായി പെരുമഴയും കടൽക്ഷോഭവും. കടലേറ്റവും ട്രോളിങ് നിരോധനവുംകൊണ്ട് വറുതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് കൂനിന്മേൽ കുരുപോലെ ശക്തമായി തുടരുന്ന കടൽക്ഷോഭം മേഖലയിൽ തീരവും വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ജില്ലയിൽ തൃക്കണ്ണാട് കടപ്പുറം കടുത്ത കടൽക്ഷോഭമാണ് നേരിടുന്നത്.
ക്രമംതെറ്റിവന്ന കാലാവസ്ഥയിൽ മേയ് അവസാനത്തെ പെരുമഴയും കടൽക്ഷോഭവും മൂലം തീരദേശം നിശ്ചലമായിരുന്നു. പിന്നീടിങ്ങോട്ട് കാലവർഷം ശക്തിപ്രാപിച്ചപ്പോൾ ഏറ്റവും അധികം ദുരിതംനേരിട്ടതും തീരമേഖലയാണ്. ജില്ലയിൽ മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റർ തീരമേഖലയിൽ കടൽക്ഷോഭം കഠിനമാണ്. ഇവിടങ്ങളിൽ അവശേഷിച്ച 10 കിലോമീറ്ററിൽ കടൽഭിത്തികളെല്ലാം കടലടുത്തു.
ഒരുപതിറ്റാണ്ട് പിടിച്ചുനിന്ന കടൽഭിത്തികൾപോലും ഇപ്രാവശ്യത്തെ കടൽക്ഷോഭത്തെ തടുത്തുനിർത്താനായില്ല. ശാസ്ത്രീയമായും അസാസ്ത്രിയമായും നിർമിച്ച കടൽഭിത്തികളെല്ലാം ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നത് തീരമേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വലുതും ചെറുതുമായ കരിങ്കല്ലുകൾകൊണ്ട് നിർമിച്ച ഒരു കടൽഭിത്തിയും തീരസംരക്ഷണത്തിന് ഉത്തകുന്നില്ല.
ഇപ്പോൾ പെയ്യുന്ന പെരുമഴയിലെ കടൽക്ഷോഭംമൂലം തീരം ഇതിനകംതന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതൽ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഇത്രയും രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്നതെന്ന് തീരവാസികൾ പറയുന്നു. മഞ്ചേശ്വരം കണ്വതീർഥ, ഉപ്പള ബേരിക്ക, കണ്ണങ്കുളം, മുസോടി, ആരിക്കാടി കടവത്ത്, കുമ്പള കോയിപ്പാടി, പെർവാഡ്, മൊഗ്രാൽ നാങ്കി കടപ്പുറം, ഗാന്ധിനഗർ, കൊപ്പളം, ചേരങ്കൈ കടപ്പുറം, കീഴൂർ കടപ്പുറം, ചെമ്പിരിക്ക, ഉദുമ, കോട്ടിക്കുളം, ബേക്കൽ, തൃക്കണ്ണാട്, അജാനൂർ തുടങ്ങിയ തീരമേഖലകളിലൊക്കെ അതിരൂക്ഷമായ കടൽക്ഷോഭമാണ്.
കാസർകോട് ചേരൈങ്കയിൽ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ ഭീഷണി നേരിടുകയാണ്. കടൽക്ഷോഭം നേരിടാൻ നാട്ടുകാർ ഇവിടെ ജിയോബാഗ് വെച്ച് സുരക്ഷയൊരുക്കാൻ ശ്രമംനടത്തുന്നുണ്ടെങ്കിലും കടലാക്രമണത്തിന്റെ തീവ്രത ഇതിനെ തടുത്തുനിർത്താനാവുന്നില്ല. ഇവിടെ മൂന്നുവർഷം മുമ്പ് നിർമിച്ച ജിയോബാഗ് കടൽഭിത്തിയും ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു.
കടലാക്രമണം രൂക്ഷമായി തുടരുകയാണെങ്കിൽ ഇവിടെനിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കീഴൂർ കടപ്പുറത്തും സമാനമായ കടലാക്രമണമാണ് നേരിടുന്നത്. കലക്ടറുടെ നിർദേശത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ്, റവന്യൂ, തദ്ദേശം, ദുരന്തനിവാരണ അതോറിറ്റി, അഗ്നിരക്ഷാസേന വിഭാഗങ്ങളെല്ലാം തീരമേഖലയിൽ അതിജാഗ്രത പുലർത്തുന്നുണ്ട്.
ജില്ലയിലെ തീരമേഖലയിൽ ശാസ്ത്രീയമായ ടെട്രോ പോഡ് കൊണ്ടുള്ള കടൽഭിത്തികൾ നിർമിക്കണമെന്ന് തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം പരിഗണിച്ച് ജലസേചനവിഭാഗം പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ് തീരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

