അലയഴകിൽ ഹാർമോണിയസ് കേരള
text_fieldsഹാർമോണിയസ് കേരള വേദിയിൽ ശ്വേത, കൃസ്റ്റ,ജാസിം, അരവിന്ദ്, അർജുൻ എന്നിവർ
ഉദുമ (കാസർകോട്): മഞ്ഞിറങ്ങിയ മൂവന്തിയിൽ ബേക്കൽതീരത്ത് പെയ്തിറങ്ങിയത് സംഗീത മഴ. മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഗാഥകളിൽ ജനസാഗരം അലയടിച്ചപ്പോൾ ബേക്കൽ തീരത്ത് അലയൊലികൾ അൽപസമയത്തേക്ക് നിശ്ശബ്ദമായി. ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി മാധ്യമം സംഘടിപ്പിച്ച ‘ഹാർമോണിയസ് കേരള’ പുതുവർഷ പുലരിയെ വരവേൽക്കാനുള്ള അമൃത വർഷിണി രാഗമായി. വേദിയും സദസ്സും പാട്ടിന്റെ പാലാഴിയിൽ അലിഞ്ഞുചേർന്നു.
‘ഇനി നിങ്ങൾ ആടുക, ഞാൻപാടുക’ ഗായിക ശ്വേതയുടെസ്വരത്തിനൊപ്പം ജനം ഇളകിയാടി.. ‘രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല..’ എന്ന മിസ്റ്റർ ബട്ട്‍ലറിലെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനം. പിന്നാലെ ‘അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ...’, ജാസിമിന്റെ ദിൽ സേറെ..., ശ്വേതയുടെ ലോക ചാപ്റ്റർ ഒന്നിലെ ‘തനി ലോക മുറക്കാരി..., കൃസ്റ്റയുടെ കൊഞ്ചം നിലാവ്..., അരവിന്ദിന്റെ പവിഴമഴയേ പാട്ടുകാരിക്കൊപ്പം സദസ്സും ഹാർമോണിയസ്സായി ഒഴുകി.
താര സംഘടനയായ അമ്മയും മാധ്യമവും ചേർന്ന് നടപ്പാക്കുന്ന 'അക്ഷര വീട് ' പദ്ധതിയിൽ ഷഹനാസ് വാദകൻ ഹസൻഭായിക്ക് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സമ്മതിപത്രം നൽകുന്നു
നടൻ ശ്രീനിവാസനെ അനുസ്മരിച്ച് സന്മനസുള്ളവർക്ക് സമാധാനത്തിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം.... എന്ന ഗാനം സൂരജും ജാസിമും ഏറെ ഹൃദ്യമായി ആലപിച്ചപ്പോൾ സദസ്സ് മൂകമായി കേട്ടുനിന്നു. കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ.. എന്ന പാട്ടുമായി അരങ്ങിലെത്തിയ സിദ്ദീഖ് റോഷൻ സദസ്സിനെ പലവഴി ഇളക്കിമറിച്ചു. ആദ്യം അവതാരകൻ മിഥുൻ രമേശിനെ അനുകരിച്ചു. ശബ്ദവും ചിരിയും അതുപോലെ വരച്ചുവെച്ചത് കാണികളുടെ കൈയടി നേടി. ബാലേട്ടൻ എന്ന സിനിമയിലെ ‘ഇന്നലെ എന്റെ നെഞ്ചിലേ ....’ എന്ന പാട്ട് റോഷനൊപ്പം കാണികളും ഏറ്റുപാടി.
അക്ഷയ് കുമാറിനെയും ഷാരൂഖാനെയും പരസ്യത്തിലും സിനിമയിലും മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന റോഷന്റെ സ്പോട്ട് ഡബിങ് വേദിയുടെ ഗതി തിരിച്ചുവിട്ടു. അമിതാബ് ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, ദുൽഖർ തുടങ്ങി 20 ഓളം പേരെ ഡബ് ചെയ്തു.കൃസ്റ്റകലയും ജാസിമും ‘മോണിക്ക’യുമായി എത്തിയതോടെ ആവേശം ഇരച്ചുകയറി. ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’ യുമായി അരവിന്ദും ശ്വേതയും എത്തിയപ്പോൾ ഉച്ചസ്ഥായിയിലെത്തി. ഡിജിറ്റൽ പൂത്തിരിയും വെടിക്കെട്ടുമായി കൊടികയറിയ പാട്ടുരംഗമായി മാറി. അമ്പതോളം പാട്ടുകൾ കൊണ്ടാണ് സദസ്സിനെ ഇളക്കിമറിച്ചത്.
മാധ്യമം ഹാർമോണിയസ് കേരള ചടങ്ങിനെത്തിയ ഇവന്റ് പാർട്ണർമാർക്കുള്ള ഉപഹാരം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം എന്നിവർ വിതരണം ചെയ്യുന്നു. അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് (വിൻടെച്ച് ആശുപത്രി), ഡോ.അജിതേഷ് (ബിന്ദു ജ്വല്ലറി) , മൻസൂർ (ഡയ ലൈഫ്), ഇ. അബ്ദുല്ല ക്കുഞ്ഞി (കർഷകശ്രീ മിൽക്ക്), കെ.കെ. അബ്ദുൽലത്തീഫ് (ബേക്കൽ ബീച്ച് പാർക്ക്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി
ജനസഹസ്രങ്ങളെ കൈയിലെടുത്ത് മിഥുൻ രമേശ്
കാസർകോട് :ഹാർമോണിയസ് കേരളയുടെ സംഗീതവിരുന്നിനെത്തിയ ആയിരങ്ങളെ ചേർത്തുപിടിക്കലിന്റെ ഭാഷയിൽ കൈപിടിയിലൊതുക്കി അവതാരകനായ മിഥുൻ രമേശ്. കാസർകോടിന്റെ ചരിത്രവും സംസ്കാരവും പാരസ്പര്യത്തിന്റെ മൂല്യങ്ങളിൽ കോർത്തതിണക്കിയതാണെന്ന് തെല്ലിട ചോരാത്ത നൈർമല്യത്തോടെ അവതരിപ്പിച്ചപ്പോൾ കാസർകോടൻ ജനത ആടിയിളകി.
ചില കാര്യങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നതുപോലെ ചിലത് നമ്മെ വേദനിപ്പിക്കുക കൂടിചെയ്യുന്നുണ്ട് എന്ന് മിഥുൻ പറഞ്ഞു. നമ്മുടെ സൗഹാർദം ആകാശംപോലെ വിശാലമാണെന്നും അതുകൊണ്ട് സൗഹാർദത്തിന്റെ പേരിൽ നമുക്ക് വെളിച്ചം തെളിയിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ടോർച്ചുകൾ തെളിയിച്ചത്.
പാട്ടിനുപിന്നിൽ
കാസർകോട് :പാട്ടിനുപിന്നിൽ പ്രവർത്തിച്ചവരെ അവതാരകൻ മിഥുൻ രമേശ് പ്രത്യേകം എടുത്തുപറഞ്ഞു. കീബോർഡ്- അമിത് സാജൻ, ലീഡ്ഗിറ്റാർ -അദ്വൈത് എസ് റാം, ബാസ് ഗിറ്റാർ ഗോകുൽ കുമാർ, ഡ്രംസ് -സംഗീത് എസ്തപ്പാൻ, പുല്ലാങ്കുഴൽ - സാൻവിൻ ജനിൽ, പെർക്യൂഷൻ -ലിബിൻ റോബിൻസൺ, ബെന്നറ്റ് എന്നിവരാണ് പിന്നണിയിൽ മുന്നിലുണ്ടായിരുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

