ഹരിതകേരള മിഷന് സംസ്ഥാനതല പുരസ്കാരത്തിനർഹമായി കണ്ടല്തുരുത്തുകളും കാവുകളും
text_fieldsകാസർകോട്: ഹരിതകേരള മിഷന് സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയുടെ അഭിമാനമുയര്‍ത്തി കണ്ടല്തുരുത്തുകളും കാവുകളും. ജില്ലയിലെ നിരവധി പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനും അർഹമായി. കാസര്‍കോട് നഗരസഭക്ക് കീഴിലെ നഗരവനം പള്ളം പച്ചത്തുരുത്ത് രണ്ടാം സ്ഥാനവും കുമ്പള ഗ്രാമപഞ്ചായത്തിലെ ഷിറിയ കണ്ടല്തുരുത്ത് മൂന്നാം സ്ഥാനവും നേടി.
ആരാധനക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ അടുക്കത്ത് ഭഗവതി ക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാം സ്ഥാനവും ഉദുമ ഗ്രാമപഞ്ചായത്ത് കാലിച്ചാംകാവ്-കാപ്പുകയം പച്ചത്തുരുത്ത് എന്നിവ രണ്ടാം സ്ഥാനവും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാം സ്ഥാനവും നേടി.
കൈക്കരുത്തില്‍ കണ്ടലുകള്‍
കാസർകോട്: 16.2 കിലോമീറ്റര്‍ വിസ്തൃതിയില്‍ 24 കിലോമീറ്റര്‍ നീളുന്നതും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കവ്വായിക്കായലും അതിര്‍ത്തിപങ്കിടുന്ന വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യത്തിന്റെ കലവറയായി മാറുകയാണ്.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഹരിതകേരള മിഷന്റെയും കാര്‍ബണ്‍ നെറ്റ് സീറോ, സ്ട്രീറ്റ് ടൂറിസത്തിന്റെയും ഭാഗമായി വലിയപറമ്പ പഞ്ചായത്തില്‍ നഴ്സറി നിര്‍മാണമാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി കവ്വായി പുഴയില്‍ മാടക്കാല്‍ ഭാഗത്ത് പുഴക്കകത്ത് അര ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ കണ്ടല്തുരുത്ത് കാണുന്നതിന് ധാരാളം വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.
വേലിയിറക്കസമയത്ത് തോണിയില്‍ ചെന്ന് മണല്‍ത്തിട്ടയില്‍ ഇറങ്ങി കൂടുതല്‍ അടുത്തുനിന്ന് കാണാന്‍ അവസരവുമുണ്ട്. കുമ്പളയിലെ ഷിറിയ പുഴ കണ്ടല്‍തുരുത്തും പ്രകൃതിയുടെ അപൂര്‍വ സംഭാവനയായി നിലകൊള്ളുന്നു. ഈ തുരുത്ത് നിരവധി പക്ഷിയിനങ്ങള്ക്ക് സ്ഥിരതാമസവും പ്രജനനകേന്ദ്രവുമാണ്. പ്രകൃതിസൗന്ദര്യവും പക്ഷികളുടെ വൈവിധ്യവും കാണാന്‍ നിരവധിപേര്‍ ഇവിടെയെത്താറുണ്ട്.
ദേവഹരിത പച്ചത്തുരുത്തായി വീതുകുന്ന് സ്മൃതിവനം
കാസർകോട്: സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ദേവഹരിതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ശ്രദ്ധനേടുകയാണ് പിലിക്കോട് പഞ്ചായത്തിലെ വീതുകുന്ന് സ്മൃതിവനം. പിലിക്കോട് പഞ്ചായത്തിലെ രണ്ട്, 11 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന ഏകദേശം 10 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ കുന്ന് ഒരുകാലത്ത് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു. കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന വിഷ്ണുമൂര്ത്തിക്ഷേത്രവും ഒറ്റക്കോലം കളിയാട്ടവും അവിടുത്തെ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആല്, ആരയാല്‍, വെങ്കണ തുടങ്ങിയ ഒറ്റപ്പെട്ട വൃക്ഷങ്ങളും മുള്ളുകള്‍ നിറഞ്ഞ കുറ്റിക്കാടുകളും മാത്രമാണ് കുന്നിലുണ്ടായിരുന്നത്.
2010 മുതല്‍ പിലിക്കോട് പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ജൈവവൈവിധ്യ പരിപാലന സമിതി നേതൃത്വത്തില്‍ വീത്കുന്ന് സ്മൃതിവനം സംരക്ഷണസമിതി രൂപവത്കരിച്ച് പരിപാലന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സമിതിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം വൃക്ഷത്തൈകളുടെ കണക്കെടുപ്പും പരിശോധനയും നടന്നു. ഇപ്പോള്‍ ഇവിടെ 218 ഇനങ്ങളിലായി 1217 മരങ്ങള്‍ വളര്ന്നുനില്ക്കുന്നു.
തൃക്കരിപ്പൂരിന്റെ ഹരിതവീഥി പുരസ്കാര നിറവില്‍
തൃക്കരിപ്പൂർ: പച്ചത്തുരുത്ത് പുരസ്കാരത്തിൽ തദ്ദേശ സ്വയംഭരണ വിഭാഗത്തില്‍ നാലാം സ്ഥാനം നേടി ശ്രദ്ധ ആകര്‍ഷിക്കുകയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതവീഥി. ആഗോളതാപനം ചെറുക്കുന്നതിനുള്ള പ്രാദേശിക ഇടപെടലെന്ന നിലയിലാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹരിതമിഷന്റെ പച്ചത്തുരുത്തുകള്‍ ആവിഷ്കരിച്ചത്. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് മുതല്‍ നടക്കാവ് ബജാസ് കോര്ണര്വരെ പൊതുമരാമത്ത് റോഡിന് ഇരുവശവും ഏകദേശം ഒരുകിലോമീറ്റര്‍ ദൂരത്തില്‍ നാല് ഏക്കറോളം സ്ഥലത്ത് നിര്‍മിച്ച പച്ചത്തുരുത്തുകളാണ് ഹരിതവീഥി.
വീതുകുന്ന്
നിലവില്‍ 1500ല്‍പരം തൈകള്‍ സമൃദ്ധിയോടെ വളരുന്നുണ്ട്. 24 പ്ലോട്ടുകളിലായി ഹരിതവീഥി പച്ചത്തുരുത്തുകളില്‍ 3000ല്‍പരം മരങ്ങളുണ്ട്. സംസ്ഥാനതലത്തില്‍ ആയിരം പച്ചത്തുരുത്തുണ്ടായപ്പോള് ജില്ലയില്‍ 247 എണ്ണം 31,543 സെന്റില്‍ വളര്‍ത്തിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പച്ചത്തുരുത്തുള്ളത് കാസര്‍കോട്ടാണ്. 802 എണ്ണം 33,934 സെന്റില്‍ 1,85,972 തൈകള്‍ വളര്‍ന്നുപന്തലിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

