ഹരിദാസ് വെർകോട്ട്; അതൊരു മറുമരുന്നിന്റെ പേരാകുന്നു
text_fieldsഡോ. ഹരിദാസ്
വെർകോട്ട്
കാസർകോട്: വിഷദംശനമേറ്റ് കണ്ണിൽ മരണം ഇരുട്ടുകൊണ്ട് മാർക്കിട്ട 25000 പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മറുമരുന്നിന്റെ പേരാണ് നീലേശ്വരത്തിന് ഡോ. ഹരിദാസ് വെർകോട്ട്. അതിൽ മരണത്തിനു കീഴടങ്ങിയ ഏഴുപേർ ആ കൈകളിൽ എത്തും മുമ്പേ ജീവൻ പൊലിഞ്ഞവരായിരുന്നു. വായിക്കുമ്പോൾ ഒരു നാട്ടുവൈദ്യൻ എന്നോ ആയുർവേദ ഡോക്ടർ എന്നോ തോന്നും. അല്ല, ഇത് എം.ബി.ബി.എസ് കഴിഞ്ഞ ഡോക്ടർ തന്നെയാണ്.
കാസർകോട് ജില്ലയിൽ നിയമിതരാകുന്ന അന്യ ജില്ല എം.ബി.ബി.എസുകാർ അവധിയെടുത്തും ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചും, വന്നതിനേക്കാൾ വേഗത്തിൽ നാട്ടിലേക്ക് കുതിക്കുമ്പോൾ ഇവിടെ ഒരു പാലക്കാട് കോങ്ങാട്ടുകാരൻ ഡോക്ടർ ഗ്രാമ, ഗ്രാമാന്തരങ്ങളിൽ പാവങ്ങളുടെ പ്രാണനുവേണ്ടി ജീവിച്ചുതീർത്തത് നാലു പതിറ്റാണ്ടിനോടടുത്ത്.
സർക്കാർ ബഹുമതികൾ വാങ്ങിക്കൂട്ടി മേനിനടിക്കുന്ന ചികിത്സകർക്ക് മുന്നിൽ ആയിരങ്ങളുടെ പ്രാണൻ രക്ഷിച്ച ഓർമകളുടെ ശിലാഫലകത്തിന്റെ പുരസ്കാരവുമായി നിറഞ്ഞു ജീവിക്കുകയാണ് ഹരിദാസ് വെർകോട്. പഠനം കഴിഞ്ഞ് വയനാട്ടിൽ നിയമനം ലഭിച്ചപ്പോൾ ആദ്യം നേരിടേണ്ടിവന്നത് പാമ്പു കടിയേറ്റയാളെയായിരുന്നു.
വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ വിഷബാധയേറ്റ്എണ്ണം കൂടി. കോഴിക്കോട്ടുനിന്ന് ജോലിയില്‍ പ്രവേശിക്കാന്‍ വരുമ്പോള്‍ വാങ്ങിയിരുന്ന 'ആന്റി സ്‌നേക്ക് വെനം' കൈവശമുണ്ടായിരുന്നതിനാല്‍ രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞു. 11 രൂപയായിരുന്നു മരുന്നിന് അന്ന് വില. ഇപ്പോള്‍ 480 രൂപയാണ്.
തുടർന്ന് അലോപ്പതിക്കൊപ്പം ഈ മേഖലയിൽ പ്രത്യേക പഠനം തുടങ്ങി. അദ്ദേഹത്തെ അന്വേഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തി. ബി.ബി.സി സംഘം ഡോക്യുമെന്ററി ഒരുക്കി. ജില്ലയിൽ മടിക്കൈ സര്‍ക്കാര്‍ ഗ്രാമീണ ഡിസ്പെന്‍സറിയിലായിരുന്നു ആദ്യ നിയമനം. സർക്കാർ സർവിസിൽ നിന്നും വിരമിച്ച ശേഷം ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മെഡിസിന്‍ തലവന്‍ പ്രഫ. ഡേവിഡ് വാറനും ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ടിനും 2005 ഫെബ്രുവരിയില്‍ മംഗളൂരു ഒമേഗ ആശുപത്രിയില്‍ സ്വീകരണം നൽകിയിരുന്നു. ലോക പ്രശസ്ത പാമ്പുവളര്‍ത്തല്‍ വിദഗ്ധൻ റോമിലസ് വിറ്റാര്‍ക്കര്‍ ഡോക്ടറെ കാണാന്‍ നീലേശ്വരത്ത് വന്നിരുന്നു.
മുംബൈ, ചെന്നൈ, ശിമൊഗ്ഗ, മംഗളൂരു, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുപോലും രോഗികള്‍ ഡോക്ടറെ തേടിയെത്താറുണ്ട്. ഗീത കുറുപ്പത്താണ് ഭാര്യ. എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥി ഗൗതം, ലണ്ടനിലെ ഡോ. മനോജിന്റെ ഭാര്യ ഡോ. രാധിക മനോജ് എന്നിവര്‍ മക്കളാണ്.
എം.കെ. രാമൻ മാസ്റ്റർ പുരസ്കാരം ഹരിദാസ് വെർകോട്ടിന്
കാസർകോട്: യോഗാചാര്യ എം.കെ. രാമൻ മാസ്റ്റർ സ്മാരക പുരസ്കാരം- 2022 ഡോ. ഹരിദാസ് വെർകോട്ടിന്. നീലേശ്വരം കാവിൽഭവൻ യോഗ-നാച്വർ ക്യൂർ സെന്ററാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. രാമൻ മാസ്റ്ററുടെ ചരമദിനമായ ഒക്ടോബർ 22ന് മൂന്നിന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡോ. ഖാദർ മാങ്ങാട്, ഡോ. എ.എം. ശ്രീധരൻ, പി. രാമചന്ദ്രൻ, എം.കെ. ബാലഗോപാലൻ, എൻ. കെ. ശ്യാംകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

