ജി.എസ്.ടി മാറ്റം; വൻകിട വിപണിയിൽ പ്രതിഫലിച്ചുതുടങ്ങി
text_fieldsകാസർകോട്: ജി.എസ്.ടി നിരക്കിൽ മാറ്റം വന്നതോടുകൂടി വൻകിട വിപണിയിൽ മാറ്റം പ്രതിഫലിച്ചുതുടങ്ങി. ജില്ലയിൽ പല പ്രമുഖ കമ്പനികളും ജി.എസ്.ടി മാറ്റം പരസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമംതുടങ്ങി. ഇലക്ട്രോണിക്സ് ഷോറൂമുകളാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്.
ഈ മാറ്റം സാധാരണക്കാർക്ക് ചെറിയതോതിലുള്ള ഗുണം ലഭിക്കുമെന്നാണ് വിപണിയിൽനിന്നുള്ള വിവരം. അതേസമയം, ചെറുകിട വ്യാപാരത്തിൽ ഇത് പ്രതിഫലിക്കാൻ സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണക്കാർക്ക് ഏറെ ആശ്രയമാകുന്നത് മരുന്നുകളുടെ വിലക്കുറവാണ്. കൂടാതെ, വീടുനിർമാണ സാമഗ്രികളിൽ പ്രധാനമായ സിമന്റിന് 40 രൂപയോളം കുറവ് വരുമെന്നാണ് വിപണിയിൽനിന്ന് അറിയിച്ചത്.
പാലുൽപന്നങ്ങൾക്ക് തിങ്കളാഴ്ചതന്നെ വിലകുറഞ്ഞത് അനുഭവവേദ്യമായി. നെയ്യ് ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറഞ്ഞതാണ് ഇതിന് കാരണം. ഒരുലിറ്റർ നെയ്യ് 45 രൂപ കുറഞ്ഞ് 720ൽ നിന്ന് 675 ആയി. അരലിറ്റർ നെയ്യ് 25 രൂപ കുറഞ്ഞ് 375ൽ നിന്ന് 340 ആയി. മിൽമ വാനില ഐസ്ക്രീം ഒരു കിലോക്ക് 220 രൂപയിൽനിന്ന് 196 രൂപയായി കുറഞ്ഞു. സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച അർധരാത്രിതന്നെ കമ്പ്യൂട്ടറിൽ പുതുക്കിയ വില രേഖപ്പെടുത്തിയിരുന്നു. മറ്റ് സ്ഥാപനങ്ങളിൽ വിലനിലവാര സൂചിക തയാറാക്കുന്നതേയുള്ളൂ. ഹോട്ടലുകാർ അഞ്ചു ശതമാനം തന്നെ നികുതി എടുത്ത് ചെയ്യുന്നതുകൊണ്ട് വലിയ മാറ്റം വരില്ല.
പച്ചക്കറിക്ക് നിലവിൽ നികുതിയില്ലാത്തതിനാൽ അതിനും ജനങ്ങൾക്കൊരു ഗുണമുണ്ടാകില്ല. സ്വർണത്തിന് മൂന്നു ശതമാനമാണ് ജി.എസ്.ടി, അതുകൊണ്ടുതന്നെ അതിനും മാറ്റമുണ്ടാവില്ല. നിലവിൽ അഞ്ചു ശതമാനമായി തുടരുന്ന അരി, പഞ്ചസാര, വെളിച്ചെണ്ണ, ഓയിൽ തുടങ്ങിയ പലചരക്കുസാധനങ്ങൾക്കും വിലയിൽ മാറ്റമുണ്ടാവില്ല എന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് സാക്ഷ്യപ്പെടുത്തുന്നു.
ഇലക്ട്രോണിക്സ് മേഖലയിലെ വൈറ്റ് ഗുഡ്സുകൾക്കാണ് കൂടുതൽ ഗുണം ലഭിക്കുന്നത്. ഇത് 28ൽനിന്ന് 18 ആയി മാറിയിട്ടുണ്ട്. കുട്ടികളുടെ പഠനോപകരണങ്ങൾ 12ൽനിന്ന് പൂജ്യം ശതമാനമായും മാറി. ചിലത് 12ൽനിന്ന് അഞ്ചിലേക്കും മാറിയിട്ടുണ്ട്. അടുത്ത ഒരാഴ്ചക്കുള്ളിൽ വിലനിലാരത്തിന്റെ തോതിലെ കണക്കുകൾ വ്യക്തമാകുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ പറയുന്നത്.
ജി.എസ്.ടിയിൽ വരുത്തിയ ഇളവുകൾ വ്യാപാരമേഖലക്ക് ഉണർവേകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. നികുതി സ്ലാബുകൾ പരിഷ്കരിച്ചതിലൂടെ ധാരാളം ഉൽപന്നങ്ങളുടെ നികുതി കുറയാനിടയാകുമെന്നും അത് വിൽപനയിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചെറുകിട വ്യാപാരികൾ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. ആ രീതിയിലുള്ള നീക്കം ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ ഉറ്റുനോക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളെ കൂടി ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ അത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഏറെ ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

