കടലാക്രമണം; ജിയോബാഗ് തീരത്ത് കൊണ്ടിടാൻ നീക്കം
text_fieldsജില്ലയിലെ വിവിധ തീരദേശ മേഖലയിൽ പരീക്ഷിച്ച് പരാജയപ്പെട്ട ജിയോ ബാഗ് കടൽഭിത്തി
കാസർകോട്: രൂക്ഷമായ കടലാക്രമണം നേരിടാൻ പരീക്ഷിച്ച് പരാജയപ്പെട്ട ജിയോബാഗ് വീണ്ടും തീരത്ത് കൊണ്ടിടാൻ നീക്കം. ഈ കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണമാണ് ജില്ല നേരിട്ടത്. മുൻവർഷങ്ങളിലൊക്കെ ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരുന്നു കടലാക്രമണമെങ്കിൽ ഈ വർഷം 87.65 കിലോമീറ്റർ തീരമുള്ള ജില്ലയിൽ ഭൂരിഭാഗം പ്രദേശത്തും രൂക്ഷമായ കടലാക്രമണവും വീടുകളും റോഡുകളും നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. മുൻവർഷങ്ങളിൽ ജില്ലയിൽ കരിങ്കല്ലുകൾ കൊണ്ടും ജിയോബാഗ് കൊണ്ടും കടലാക്രമണത്തെ നേരിടാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയിരുന്നു. ഇത് പൂർണമായും പരാജയമായിരുന്നുവെന്ന് തുടർന്നുണ്ടായ കടലാക്രമണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കരിങ്കല്ലുകൊണ്ടും ജിയോബാഗ് കൊണ്ടുമുള്ള കടൽ ഭിത്തികൾ കടലെടുത്ത കാഴ്ചയാണ് കാണാൻ സാധിച്ചത്. കടലാക്രമണം ചെറുക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു. സർക്കാർ ഉദ്ദേശിക്കുന്ന പദ്ധതി ജിയോബാഗ് സംവിധാനമാണെന്നാണ് തീരവാസികളും കരുതുന്നത്.
വീണ്ടും കോടികൾ കടലിൽ തള്ളാനുള്ള പദ്ധതിയാണിത്. തീരസംരക്ഷണത്തിന് ഇത് ഉതകുന്നില്ലെന്നും തീരദേശവാസികൾ പറയുന്നു. ശാസ്ത്രീയമായ പദ്ധതികളെക്കുറിച്ച് നേരത്തേ തീരദേശവാസികളും സന്നദ്ധസംഘടനകളും സർക്കാറിന്റെ അദാലത്തുകളിൽ ടെട്രോപോഡ് കടൽ ഭിത്തി പദ്ധതികൾ തീരത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നു. ഇവ പരീക്ഷണാർഥം നടപ്പാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് മറുപടിയും ലഭിച്ചിരുന്നു.
ഇതൊന്നും പരിഗണിക്കാതെയാണ് വീണ്ടും ജിയോ ബാഗ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.ഈ കാലവർഷത്തിലെ കടലാക്രമണത്തിൽ ജില്ലയിലെ തീരമേഖലയായ മഞ്ചേശ്വരം കണ്വതീർഥ, ഉപ്പളയിലെ മുസോടി, ഹനുമാൻ നഗർ, അയില കടപ്പുറം, മണിമുണ്ട കടപ്പുറം, കുമ്പള കോയിപ്പാടി, പെറുവാട് കടപ്പുറം, മൊഗ്രാൽ നാങ്കി കടപ്പുറം, ചൗക്കി കാവുകോളി, ചേരങ്കൈ കടപ്പുറം, കീഴൂർ കടപ്പുറം, ചെമ്പരിക്ക, ജമ്മാ കടപ്പുറം, ഉദുമ, കോട്ടിക്കുളം, തൃക്കണ്ണാട്, അജാനൂർ, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കടൽക്ഷോഭത്തിൽ വൻതോതിലുള്ള നാശനഷ്ടങ്ങളാണ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

