അടുക്കള കീഴടക്കുന്ന "യുദ്ധം' ഗ്യാസ് സിലിണ്ടർ കിട്ടാനില്ലാത്തത് ജനജീവിതം ദുസ്സഹമാക്കി
text_fieldsകാസർകോട്: ‘എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല’...ഇത് പറയുന്നത് പെരിയയിൽ ഊട്ടുപുര ഫാസ്റ്റ് ഫുഡ് കട നടത്തുന്ന രാജേഷാണ്. ദിവസവും നല്ല തിരക്കുള്ള ഫാസ്റ്റ് ഫുഡ് കട പക്ഷേ, കഴിഞ്ഞ മൂന്നു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. യുദ്ധം എങ്ങനെ നമ്മുടെ അടുക്കളയെ ബാധിക്കുമെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ജില്ലയിൽ ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഹോട്ടലുകളുടെ കണക്കെടുത്താൽ മനസ്സിലാകുന്നത്.
ഒരു ദിവസം മൂന്നു ഗ്യാസ് സിലിണ്ടറോളം വേണമെന്നാണ് രാജേഷ് പറയുന്നത്. ഒരാഴ്ചമുമ്പേ 1800 രൂപയാണ് ഒരു സിലിണ്ടറിന് ആവശ്യമായിരുന്നത്. എന്നാൽ ഇപ്പോൾ പ്രൈവറ്റ് ഗ്യാസ് ഏജൻസി പറയുന്നത് ഒരു സിലിണ്ടറിന് 5000 രൂപ തന്നാൽ സിലിണ്ടർ തരാമെന്നാണ്. അങ്ങനെയാകുമ്പോൾ ഒരു ദിവസം മൂന്നു സിലിണ്ടറും അതിന് 15,000 രൂപയും വേണ്ടിവരും. അത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല -രാജേഷ് പറയുന്നു.
14 പണിക്കാരുടെ ജോലിയാണ് രാജേഷ് ഊട്ടുപുര പൂട്ടിയതോടെ ഇല്ലാതായിരിക്കുന്നത്. 12 രൂപയുള്ള പൊറോട്ടക്ക് ജനങ്ങളിൽനിന്ന് എന്തായാലും 20 രൂപ വാങ്ങാൻ പറ്റില്ലല്ലോ എന്നും രാജേഷ് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ടുതന്നെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഗ്യാസ് പ്രശ്നം തീരുമെന്നാണ് ഹോട്ടലുടമകളുടെ പ്രതീക്ഷ.
പൂട്ടലിന്റെ വക്കിലേക്ക്...
നീലേശ്വരം: പാചകവാതക വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം നേരിടുന്ന നീലേശ്വരത്തെ പതിനഞ്ചോളം ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലേക്ക്. ഇതിൽ ഊൺ വിളമ്പുന്ന ഹോട്ടലുകളും വൈകീട്ട് തുറക്കുന്ന ഫാസ്റ്റ്ഫുഡ് വിളമ്പുന്ന ഹോട്ടലുകളുമാണ് ഗ്യാസ് ക്ഷാമം കൂടുതൽ പ്രതിസന്ധിനേരിടുന്നത്.
എണ്ണക്കടിയുള്ള ചെറിയ തട്ടുകടകളിലും ഒന്നോ രണ്ടോ ദിവസത്തെ ഗ്യാസ് മാത്രമേ ബാക്കിയുള്ളൂവെന്നാണ് പറയുന്നത്.വിറകടുപ്പ് സൗകര്യങ്ങളുള്ള ചില സ്ഥാപനങ്ങളെ പ്രതിസന്ധി ബാധിച്ചിട്ടില്ല.വിറകുവിൽപനക്കടയിൽ തക്കംനോക്കി വില വർധിപ്പിച്ചതായും ഹോട്ടലുടമകൾ പറയുന്നു. എങ്ങനെയെങ്കിലും രണ്ടാഴ്ച ഒപ്പിച്ചാൽ പിന്നെ ഹോട്ടൽ പൂട്ടിയിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

