മാലിന്യമുക്ത നവകേരളം; 21ന് കടലോര ശുചീകരണം
text_fieldsമാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന
ജില്ല ഏകോപന സമിതി യോഗം
കാസർകോട്: ജനുവരി 21ന് മഞ്ചേശ്വരം മുതല്‍ വലിയപറമ്പ വരെ കടലോരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ മാലിന്യമുക്ത നവകേരളം ജില്ല ഏകോപന സമിതി യോഗം തീരുമാനിച്ചു. രാവിലെ എട്ടിന് നടക്കുന്ന ശുചീകരണത്തിന് യുവജന സംഘടനകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
തീരദേശ തദ്ദേശസ്ഥാപനതലത്തില്‍ സംഘാടക സമിതി ചേരും. മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് ജില്ല ഏകോപന സമിതി യോഗം ചേര്‍ന്നത്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംഘാടക സമിതികള്‍ ചേരും. മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി പച്ചതുരുത്തുകളോ പൂന്തോട്ടങ്ങളോ ഇരിപ്പിടങ്ങളോ ആക്കി മാറ്റുന്ന സ്നേഹാരാമങ്ങള്‍ ജില്ലയില്‍ 78 എണ്ണം ആരംഭിച്ചു. ഡിസംബറില്‍ 108 ടണ്‍ പാഴ്വസ്തുക്കള് ഹരിത കര്‍മസേന ശേഖരിച്ചു. 1 209 586 രൂപ ഹരിത കര്‍മസേനക്ക് നല്കി.
എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണം കൃത്യമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കര്‍മസേനയുടെ യൂസര്‍ഫീ 100 ശതമാനം പൂര്‍ത്തീകരിക്കണം. 50 ശതമാനത്തില്‍ കുറവ് യൂസര്‍ഫീ ലഭ്യമാകുന്ന പഞ്ചായത്തുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും യോഗം നിർദേശിച്ചു.
മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുതലാകുന്ന സാഹചര്യത്തില്‍ ഓഡിറ്റോറിയം, ആശുപത്രി, സ്കൂള്‍, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ബ്ലോക്ക്തലത്തില്‍ ടീമിനെ നിയോഗിച്ച് പരിശോധിക്കും.
നവകേരളം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ്, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി, ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ കെ.വി. രഞ്ജിത്ത്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ക്ലീന്‍ കേരള കമ്പനി ജില്ല കോഓഡിനേറ്റര്‍ ബി. മിഥുന്, കെ. ബാബുരാജ്, എന്‍.ആര്. രാജീവ്, വി. സുനില്‍കുമാര്‍, എം.കെ. ഹരിദാസ്, ടി.വി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

