രാജാസിലെ ഗാന്ധിജിയുടെ കൈയൊപ്പിന് നൂറ്റാണ്ടിന്റെ നിറവ്
text_fieldsനീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നൂറുവർഷമായി സൂക്ഷിക്കുന്ന ഗാന്ധിജിയുടെ കൈയൊപ്പ് സന്ദേശം
നീലേശ്വരം: ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടിന് നൂറ്റാണ്ട് തികയുന്നതിന്റെ നിറവിലാണ് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി വിദ്യാലയം. 1927 ഒക്ടോബർ 26ന് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് രാഷ്ട്രപിതാവ് ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങിയത്. തന്നെ കാണാനെത്തിയ രാജാസ് സ്കൂളിലെ വിദ്യാർഥികൾക്കായി സ്വന്തം കൈപ്പടയിൽ കുറിച്ച സന്ദേശം വെള്ളക്കടലാസിൽ എഴുതി നൽകി. ആ എഴുതിയ സന്ദേശത്തിന് ഇന്ന് 100 വർഷം തികയുകയാണ്.
രാജാസിന്റെ മാനേജ്മെൻറും അധ്യാപകരും വിദ്യാർഥികളും ഇന്നും ഗാന്ധിജി എഴുതിയ സന്ദേശം ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്നു. സ്കൂൾ പ്രധാനാധ്യാപകന്റെ മുറിയിലാണ് ചില്ലിട്ട് സന്ദേശം ചുമരിൽ തിളങ്ങിനിൽക്കുന്നത്. ആ ചരിത്ര കൈയൊപ്പിന്റെ ശതാബ്ദി ആഘോഷങ്ങൾ ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ വിദ്യാലയം ആഘോഷിക്കുന്നു.
ഒക്ടോബർ 26ന് രാവിലെ ഒമ്പത് മുതൽ നീലേശ്വരം സ്മൃതി മണ്ഡപത്തിൽനിന്ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിലേക്ക് പ്രൗഢഗംഭീരമായ പദയാത്ര നടക്കും. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, സാംസ്കാരിക പ്രമുഖർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. റെയിൽവേ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. പദയാത്രക്കുശേഷം നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി വിദ്യാലയ മുറ്റത്ത് വെച്ച് ആഘോഷപരിപാടികളുടെ പ്രൗഢഗംഭീരമായ ഉദ്ഘാടന സമ്മേളനം നടക്കും.

