ഗഫൂർ ഹാജി വധം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
text_fieldsഅറസ്റ്റിലായ മധൂർ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ്, ഉദുമ മീത്തൽ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി ‘ജിന്നുമ്മ’ എന്ന കെ.എച്ച്. ഷമീന, മധൂർ ആയിഷ, പൂച്ചക്കാട് മുക്കൂട് കീക്കാൻ അസ്നിഫ, കൊല്ലപ്പെട്ട പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജി
കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള നാല് പ്രതികളെയും അന്വേഷണ സംഘത്തിന് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്(രണ്ട്) കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കസ്റ്റഡിയിൽ കിട്ടിയില്ല.
തുടർന്ന് അന്വേഷണ സംഘം ജില്ല കോടതിയെ സമീപിച്ചു. ജില്ല കോടതിയുടെ നിർദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കണ്ണൂരിലെ ജ്വല്ലറിയിലും കാസർകോട്ടുമുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തിൽ സംശയമുയരുകയും മകൻ മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ഏപ്രിൽ 28ന് ഖബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കൽ ഡിവൈ.എസ്.പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. തുടർന്ന് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. നഷ്ടപ്പെട്ട 550 പവനിലേറെ ആഭരണം ഇനിയും കണ്ടെത്താനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

