ഗുണിച്ചും ഹരിച്ചും മുന്നണികൾ; ഭദ്രമാക്കി വോട്ടുയന്ത്രങ്ങൾ
text_fieldsസ്ട്രോങ് റൂമിന് മുന്നിൽ കാവൽനിൽക്കുന്ന തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ
കാസർകോട്: തെരഞ്ഞെടുപ്പിന്റെ അന്ത്യയാമങ്ങൾ കഴിഞ്ഞപ്പോൾ മുന്നണികൾ പോളിങ്ങിന്റെ കണക്കിനെ ഗുണിച്ചും ഹരിച്ചും തങ്ങൾക്കനുകൂലമാണെന്ന് പറയുന്നു.
എൽ.ഡി.എഫ് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറയുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉണ്ണിത്താൻ പറയുന്നത് എങ്ങനെയായാലും ഒരുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ്. എൻ.ഡി.എ നല്ല മുന്നേറ്റമുണ്ടാക്കുമെന്നും കരുതുന്നു.
അതേസമയം, വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച രാവിലെ ഏഴിനുതന്നെ തുടങ്ങിയ പോളിങ് മിക്കസ്ഥലങ്ങളിലും രാത്രി വൈകിയാണ് അവസാനിച്ചത്. ഇത് ഏറെ ബുദ്ധിമുട്ടിച്ചത് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ്. പലരും പോളിങ് സാമഗ്രികളൊക്കെ കൈമാറി അവരവരുടെ വീടുകളിലെത്തുമ്പോൾ പുലർച്ചയായിരുന്നു.
ആദ്യം മുതലെ തിരക്കനുഭവപ്പെട്ട ബൂത്തുകളിൽ കടുത്ത ചൂടുകാരണം പലരും ഏറെ വൈകിയാണ് പോളിങ് ബൂത്തുകളിൽ എത്തിയത്. കൂടാതെ ഓപൺ വോട്ടുകളിലെ കാലതാമസവും പോളിങ് നീളാൻ കാരണമായി.
ചിലയിടങ്ങളിലത് വോട്ടുയന്ത്രങ്ങളുടെ പണിമുടക്കും കാരണമായി.
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലേയും വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും സൂക്ഷിക്കുന്നത് പെരിയ കേരള കേന്ദ്ര സർവകലാശാലയിലാണ്.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങളാണ് പെരിയ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ വിവിധ ബ്ലോക്കുകളിൽ ഒരുക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ സ്ട്രോങ് റൂം ഗംഗോത്രി ബ്ലോക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളുടെ സ്ട്രോങ് റൂം കാവേരി ബ്ലോക്കിലും പോസ്റ്റല്‍ ബാലറ്റ് സ്ട്രോങ് റൂം സബര്‍മതി ബ്ലോക്കിലുമാണ് ഉള്ളത്. ഇനി 38 ദിവസങ്ങൾ കാത്തിരിക്കണം ജനം വിധിച്ചതറിയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

