ഓരോ ബ്ലോക്കിലും 200 പേര്‍ക്ക് പരിശീലനം നല്‍കും;‘മുന്നോട്ട്’ മത്സരപരീക്ഷ പരിശീലനം തുടങ്ങുന്നു
text_fieldsകാസർകോട്: ജില്ല ഭരണകൂടവും ജില്ല എംപ്ലോയ്മെന്റ് ഓഫിസും നടത്തുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനം ‘മുന്നോട്ട്’ സെപ്റ്റംബര്‍ 17ന് കാസര്‍കോട് ഗവ. കോളജില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. തുടർന്ന് ജില്ലയിലെ കെ.എ.എസ് ഉദ്യോഗസ്ഥരുമായി മുഖാമുഖം. സെപ്റ്റംബര്‍ 24 മുതല്‍ ബ്ലോക്കുകളില്‍ ക്ലാസുകള്‍ ആരംഭിക്കും.
ജില്ലയില്‍നിന്ന് കൂടുതല്‍ യുവജനങ്ങളെ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുന്നതിനായി നടത്തുന്ന മൂന്ന് വര്‍ഷത്തെ പരിശീലന പരിപാടിയാണിത്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ദിലീപ് കെ. കൈനിക്കര, ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ അജിത് ജോണ്‍, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ വി. ചന്ദ്രന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പൽ അനന്തപത്മനാഭ, ഉദുമ ഗവ. കോളജ് പ്രിന്‍സിപ്പൽ പ്രഫ. കെ. ഷാഹുല്‍ ഹമീദ്, എ.ഡി.ഡി.ഒ കെ.വി. രാഘവന്, കരിന്തളം കോളജ് അസി. പ്രഫ. ബിജു മാത്യു, പി.കെ. ജയേഷ്കുമാര്‍, ബി. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
അപേക്ഷകർ 1156
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയില്‍ 1156 പേരാണ് അപേക്ഷകർ. കലക്ടര്‍ ചെയര്‍മാനും ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ കണ്‍വീനറുമായ ജില്ലതല മോണിറ്ററിങ് കമ്മിറ്റി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നു. മഞ്ചേശ്വരം, കാറഡുക്ക, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഞായറാഴ്ചകളിലും ചില രണ്ടാം ശനിയാഴ്ചകളിലുമായി ഒരു മാസം അഞ്ച് ക്ലാസുകളാണ് ലഭിക്കുക.
പരിശീലനം 200 പേർക്ക് വീതം
ഓരോ ബ്ലോക്കിലും 200 പേര്‍ക്ക് പരിശീലനം നല്‍കും. പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിനുള്ള പരിശീലനമാണിത്. പരിശീലനത്തിന് പ്രത്യേകം സിലബസ് തയാറാക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു ബാച്ചും ബിരുദം മുതലുള്ള മറ്റൊരു ബാച്ചുമായി രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം. ബ്ലോക്ക് ആസ്ഥാനങ്ങളില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് ക്ലാസ് റൂമുകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. ജില്ലയിലെ ഐ.എ.എസ്, കെ.എ.എസ് ഉദ്യോഗസ്ഥരും ക്ലാസ് നല്‍കും.
പരിശീലന കേന്ദ്രങ്ങൾ
● കാസർകോട്: ഗവ. കോളജ്, കാസർകോട്
● കാഞ്ഞങ്ങാട്: ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ്
● നീലേശ്വരം: സി.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്, പിലിക്കോട്
● കാറഡുക്ക: ജി.എച്ച്.എസ്.എസ് മുള്ളേരിയ
● മഞ്ചേശ്വരം: ജി.എച്ച്.എസ്.എസ് ഉപ്പള
● പരപ്പ: ജി.എച്ച്.എസ്.എസ് പരപ്പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

