നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളകി; തട്ടിക്കൂട്ട് പരിപാടിയെന്ന് നാട്ടുകാർ
text_fieldsകാസർകോട്: ദേശീയപാത 66ൽ തലപ്പാടി-ചെങ്കള റീച്ചിലെ നടപ്പാത നിർമാണങ്ങൾക്കെതിരെ വ്യാപക പരാതി. ദേശീയപാത നിർമാണം പൂർത്തിയാക്കുകയും നടപ്പാതകളുടെ ജോലികൾ നടന്നുവരുകയും ചെയ്യുമ്പോൾ തട്ടിക്കൂട്ടിയുണ്ടാക്കുന്ന ചെപ്പടിവിദ്യകൾ മൂലം നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളകിത്തുടങ്ങിയതായാണ് ആരോപണം.
മൊഗ്രാൽ ലീഗ് ഓഫിസ് പരിസരത്താണ് ഇത്തരത്തിൽ ഇന്റർലോക്കുകൾ ഇളകി നടപ്പാതയുടെ തകർച്ചക്ക് വഴിവെച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നിർമിച്ചതാണ് നടപ്പാത. മണ്ണുകൾ ഇളക്കി ഇന്റർലോക്കുകൾ പാകാതെ ‘ഒപ്പിക്കലിൽ’ നിർമിച്ച നടപ്പാതകളാണ് തകർച്ചയിലായത്.
നടപ്പാതകൾ പലസ്ഥലങ്ങളിലും സമയം ലാഭിക്കാനും ജോലി വേഗത്തിലാക്കാനും നിർമാണ കമ്പനി അധികൃതർ അശാസ്ത്രീയമായാണ് നിർമിച്ചതെന്ന പരാതി നേരത്തെയുണ്ടായിരുന്നു. നടപ്പാതയുടെ കാര്യത്തിൽ സുപ്രീംകോടതി പോലും ഇടപെടൽ നടത്തിയ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കാൽനടക്കാരുടെ ആവശ്യം. നടപ്പാതയുടെ തകർച്ച അധികൃതരുടെ ശ്രദ്ധയിൽപെടുത്താനാണ് കാൽനടക്കാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

