ഭക്ഷ്യസുരക്ഷ: ഹോട്ടലുകളിൽ നോട്ടീസ് പതിച്ചുതുടങ്ങി
text_fieldsഹോട്ടലുകളിൽ പതിച്ച നോട്ടീസും ഷവർമ വിൽപന കൗണ്ടറും
കാസർകോട്: ഷവർമ പാർസൽ കൊടുക്കുന്നുണ്ടെങ്കിൽ സമയവും തീയതിയും രേഖപ്പെടുത്തണമെന്നുള്ള ഹൈകോടതി നിർദേശം ഷവർമ വിൽപനശാലകൾ പാലിച്ചുതുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരമാണ് ഷവർമ വിൽപനയുള്ള ഹോട്ടലുകൾ ഉപഭോക്താക്കൾക്ക് നിബന്ധനകൾ അറിയിച്ചുകൊണ്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. ഷവർമ പാക്കറ്റുകളിൽ സമയവും തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു കോടതിനിർദേശം. എന്നാൽ, ഹോട്ടലുടമകൾ ഇത് നോട്ടീസിൽ ഒതുക്കി. ഇത് മതിയെന്ന നിലയിൽ ഭക്ഷ്യസുരക്ഷാവകുപ്പും കണ്ണടച്ചു. കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ ഷവർമ കഴിച്ച് മരിച്ച സംഭവത്തിലായിരുന്നു കോടതി ഭക്ഷ്യസുരക്ഷയിൽ നടപടി കടുപ്പിച്ച് ഉത്തരവിട്ടത്.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യവകുപ്പ് ഉറപ്പാക്കാത്തതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്നുകാണിച്ച് മാതാവ് നൽകിയ പരാതി തീർപ്പാക്കിക്കൊണ്ടാണ് ഹൈകോടതി ഒരുമാസം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോൾ ഹോട്ടലുകളിൽ സ്ഥാപിച്ച നോട്ടീസുകളിൽ കുഴിമന്തി, അൽഫാം, ഷവർമ എന്നിവയുടെ കൂടെ നൽകുന്ന മയോണൈസ്, കെച്ചപ് ചട്നി മുതലായവ ഉടൻ ഭക്ഷണത്തിൽനിന്ന് മാറ്റിവെക്കണമെന്നും ഭക്ഷണങ്ങൾ ഒന്നിൽ കൂടുതൽ തവണ ചൂടാക്കിയോ തണുപ്പിച്ചോ കഴിക്കരുതെന്നും പാർസൽ കൊണ്ടുപോകുന്ന ഭക്ഷണങ്ങൾ കൂടുതൽ സമയം എടുത്തുവെച്ചുകഴിച്ചാൽ ഉണ്ടാകുന്ന അണുബാധക്ക് ഹോട്ടലുടമകൾ ഉത്തരവാദികളെല്ലെന്നും മയോണൈസ് പോലുള്ളവ റഫ്രിജറേറ്റിൽ സൂക്ഷിച്ചുവെച്ച് കഴിക്കുന്നത് അണുബാധക്ക് കാരണമാകുന്നുണ്ടെന്നും കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കൾ ഒരുമണിക്കൂറിനുള്ളിൽ കഴിക്കണമെന്നും നോട്ടീസ് നിബന്ധനകളിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

