അതിർത്തിയിൽ വലവിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsമഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ മീൻലോറിയിൽ ഭക്ഷ്യസുരക്ഷ അസി. കമീഷണർ ജോൺ വിജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
കാസർകോട്: കേരളത്തിലേക്ക് കടക്കുന്ന മീൻലോറികളിൽ പരിശോധന നടത്താൻ അതിർത്തിയിൽ വലവിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ. മഞ്ചേശ്വരം ചെക്ക്പോസ്റ്റിലാണ് ഭക്ഷ്യസുരക്ഷ അസി. കമീഷണർ ജോൺ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെ എത്തിയ ഉദ്യോഗസ്ഥ സംഘം രാത്രി വരെ പരിശോധന തുടർന്നു.
കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വന്ന മീൻലോറികളിൽ പരിശോധന നടത്തി. ഇതിനായി മൊബൈൽ പരിശോധന ലാബും അധികൃതർ ഒരുക്കിയിരുന്നു. വൈകീട്ട് ആറുവരെ 16 ലോറികളിൽ പരിശോധന നടത്തിയതായി അസി. കമീഷണർ പറഞ്ഞു. എന്നാൽ, പഴകിയതോ രാസപദാർഥങ്ങളുള്ളതോ ആയ മത്സ്യം കണ്ടെത്താനായില്ലെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന അതിർത്തിയിലേക്ക് മാറ്റിയത്. രണ്ടുദിവസം മുമ്പ് പുലർച്ച മൂന്നരക്ക് കാസർകോട് മാർക്കറ്റിൽനിന്ന് 200 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചിരുന്നു.
ഹോട്ടലുകൾ, കൂൾബാറുകൾ, പച്ചക്കറി കടകൾ, ബേക്കറികൾ തുടങ്ങിയ ഇടങ്ങളിലാണ് ജില്ലയിൽ ഇതിനകം പരിശോധന നടത്തിയത്. ഇതുവരെ ഒമ്പത് കടകൾ ജില്ലയിൽ അടപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ പിഴയും ഈടാക്കി. അടപ്പിച്ച ഒമ്പത് കടകളിൽ മൂന്നെണ്ണം ഹോട്ടലുകളാണ്. മഞ്ചേശ്വരം ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ അസി. കമീഷണർക്കു പുറമെ ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ കെ. സുജയൻ, കെ.പി. മുസ്തഫ, എസ്. ഹേമാംബിക എന്നിവരും പങ്കെടുത്തു. പരിശോധന അടുത്ത ദിവസവും തുടരുമെന്ന് ഇവർ പറഞ്ഞു.
ഷവർമ കഴിച്ച് മരണം: കൂൾബാർ ഉടമക്കെതിരെ ലുക്കൗട്ട് സർക്കുലർ
കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്ത സംഭവത്തിൽ ചെറുവത്തൂർ ഐഡിയൽ കൂൾബാർ ഉടമക്കെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ചന്തേരയിലെ പിലാവളപ്പ് കുഞ്ഞഹമ്മദിനെതിരെയാണ് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന സർക്കുലർ അയച്ചത്. സന്ദർശക വിസയിൽ വിദേശത്താണ് ഇദ്ദേഹമുള്ളത്. നാട്ടിലെത്തിയാൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. കൂൾബാർ മാനേജറും തൊഴിലാളികളുമായ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

