ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുനാൾ; ബസുകൾ കയറാൻ മാസങ്ങളെടുക്കും
text_fieldsനഗരസഭ ബസ് സ്റ്റാൻഡിൽ നിർമാണം നടക്കേണ്ട ബസ് യാർഡ്
നീലേശ്വരം: നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നടന്നുവെങ്കിലും സ്റ്റാൻഡിനകത്ത് ബസുകൾ കയറണമെങ്കിൽ ഇനിയും മാസങ്ങൾ വേണ്ടിവരും. പ്രവൃത്തി പൂർണമായും കഴിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് ഉദ്ഘാടനം നടത്തണമെന്ന നഗരസഭ ഭരണസമിതിയുടെ തീരുമാനമായിരുന്നു ഇതിന് പിന്നിൽ. കെട്ടിടത്തിനകത്തും പുറത്തും അറ്റകുറ്റപ്പണി ചെയ്യാനുണ്ട്. ബസ് സ്റ്റാൻഡിനകത്തെ ബസ് യാർഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല.
യാർഡ് നിർമാണം നടത്താത്തതുകൊണ്ടാണ് ബസുകൾ പ്രവേശിക്കാൻ വൈകുന്നത്. ഏതൊക്കെ വഴിയാണ് ബസുകൾ കയറുന്നതും ഇറങ്ങുന്നത് എന്നുള്ള തീരുമാനവും എടുക്കേണ്ടതുണ്ട്. സമീപത്തെ രാജാറോഡും ബസ് സ്റ്റാൻഡും തമ്മിലുള്ള നിശ്ചിതദൂരം യാത്രക്കാർക്ക് അപകടമില്ലാതെ ബസ് കയറുന്നതിനുള്ള സൗകര്യവും ഒരുക്കണം. മലയോരഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകൾ പാർക്ക് ചെയ്യേണ്ട സ്ഥലവും അടയാളപ്പെടുത്തേണ്ടതുണ്ട്.
സമയക്രമം പാലിക്കാനായി സ്റ്റാൻഡിനകത്ത് ബസ് പാർക്ക് ചെയ്യണ്ട സ്ഥലവും കണ്ടെത്തണം. യാത്ര ചെയ്യാനും കച്ചവടത്തിനുമായി എത്തുന്നവരുടെ വാഹനങ്ങൾ കെട്ടിടത്തിന്റെ അടിയിൽ പാർക്ക് ചെയ്യാനും സാധിക്കും. ബസുകൾ എത്തിച്ചേരുന്ന സമയവും എവിടേക്കാണ് പോകുന്നതെന്നും മൈക്കിലൂടെ വിളിച്ചുപറയുന്ന സംവിധാനവും ഏർപ്പെടുത്തണമെന്ന് യാത്രക്കാരും ആവശ്യമുന്നയിക്കുന്നുണ്ട്.
8000 ചതുരശ്രയടിയിൽ നാലു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. 14 കോടി 15 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. കേരള അർബൻ റൂറൽ ഡെവലപ്മെന്റ് കോർപറേഷനിൽനിന്ന് വായ്പയെടുത്താണ് നാലുനില കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിലും അതിന് മുകളിലുള്ള ഭാഗവും വ്യാപാരം നടത്താനുള്ള മുറികൾ മാത്രമാണ്. എല്ലാ മുറികളും സർക്കാറിന്റെ നിയമാവലിയനുസരിച്ച് ലേലത്തിലൂടെ മാത്രമേ സ്വന്തമാക്കാൻ പറ്റുള്ളൂ. ഇപ്പോഴുള്ള താൽക്കാലിക ബസ് സ്റ്റാൻഡിലെ പരിമിതമായ സൗകര്യത്തിൽ വീർപ്പുമുട്ടുന്ന യാത്രക്കാരുടെ ദുരിതം തീരാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

