ഭക്ഷ്യവിഷബാധയേറ്റ നീലേശ്വരത്തെ അഞ്ച് കുട്ടികൾക്ക് ഷിഗെല്ല
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പ്രദേശത്ത് കഴിഞ്ഞ ജൂലൈ 14ന് ഭക്ഷ്യവിഷബാധയെ തുടർന്ന് പരിശോധനക്കയച്ച സാമ്പിളുകൾ ഷിഗെല്ല പോസിറ്റിവ്. കണ്ണൂരിലെ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് പരിശോധനക്കയച്ച സാമ്പിളുകളിൽ അഞ്ചെണ്ണമാണ് ഷിഗെല്ല പോസിറ്റിവായത്. ഇതിൽ നാലുപേർ കുട്ടികളാണ്. വിവരം പുറത്തുവന്നതോടെ ജില്ല മെഡിക്കൽ ഓഫിസർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ അടിയന്തര സന്ദർശനം നടത്തി. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പെടെയുള്ളവർ ബുധനാഴ്ച നീലേശ്വരത്തെത്തി പരിശോധന നടത്തി. ജൂലൈ 14ന് രാത്രി ചാത്തമത്ത് പ്രദേശത്തെ ഒരു സ്വകാര്യചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് വയറിളക്കം ഉണ്ടായതിനെ തുടർന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയടക്കമുള്ള വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. 74 പേർ ക്കാണ് വയറിളക്കവും ശാരീരിക അസ്വസ്ഥതകളുമുണ്ടായത്.
ഇതിൽനിന്ന് പരിശോധനക്കയച്ച സാമ്പിളുകളിൽ അഞ്ചണ്ണമാണ് ഷിഗെല്ല പോസിസ്റ്റീവാണെന്ന് റിസൽട്ട് വന്നത്. ഇവർക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ഷിഗെല്ല സ്ഥിരീകരിച്ചതിൽ നാലുപേർ കുട്ടികളാണ്. കണ്ണൂരിലെ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തേ തുടർന്ന് നഗരസഭയിൽ അടിയന്തര റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കി പദ്ധതികൾ ആസൂത്രണം ചെയ്തു. നീലേശ്വരം നഗരസഭയുടെ 12, 13, 14, 15 വാർഡുകളിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്തും. ഉച്ചക്ക് മൂന്നിന് ചാത്തമത്ത് എ.യു.പി സ്കൂളിൽ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ച് ബോധവത്കരണം നടത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചാത്തമത്ത് പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളെയും ക്ലബുകളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. പ്രദേശത്തുള്ള മുഴുവൻ വീടുകളിലും ജെ.എച്ചുമാർ, ജെ.പി.എച്ച്.എൻമാർ, എം.എൽ.എസ്.പിമാർ, ആശപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സർവയലൻസ് പ്രവർത്തനങ്ങൾ നടത്തും. അന്ന് രോഗബാധയുണ്ടായ മുഴുവൻ ആളുകളുടെയും വീടുകളിൽ, മറ്റാർക്കെങ്കിലും അസുഖം വരുന്നുണ്ടോ എന്ന് വരുന്ന രണ്ടാഴ്ച കാലത്തേക്ക് എല്ലാ ദിവസവും മോണിറ്ററിങ് നടത്തും.
ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ.ടി. രേഖ നീലേശ്വരം താലൂക്ക് ആശുപത്രി സന്ദർശിച്ചു. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട 74 പേർക്കും രോഗം പൂർണമായും സുഖപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട ഒരു ആവശ്യവുമില്ല. സെക്കൻഡറി കേസുകൾ വരാതിരിക്കുന്നതിന് വേണ്ടിയാണ് ഈ മുൻകരുതൽ നടപടികൾ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അജാനൂരിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
കാഞ്ഞങ്ങാട്: അജാനൂരിൽ ഒരാൾക്ക് ഷിഗല്ലെ സ്ഥിരീകരിച്ചു. അജാനൂരിൽ രണ്ടുപേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ ആൾക്ക് രോഗമില്ല. ഒരാഴ്ച മുമ്പാണ് ലക്ഷണം കണ്ട് സാമ്പിൾ വിദഗ്ധ പരിശോധനക്കയച്ചത്. ആരോഗ്യ നില വീണ്ടെടുത്ത് വീട്ടിൽ വിശ്രമത്തിലാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

