ആശ്വാസം; ഒടുവിൽ മാലിന്യം നീക്കി നഗരസഭ
text_fieldsനഗരസഭ ശുചീകരണ വിഭാഗം മാലിന്യം നീക്കിയപ്പോൾ
കാസർകോട്: നഗരസഭയിലെ കറന്തക്കാട് ഉമ നഴ്സിങ് ഹോമിന് സമീപത്തെ മാലിന്യം ഒടുവിൽ നീക്കി. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായിരുന്നു. തെരുവുവിളക്കുള്ള സ്ഥലമായിട്ടും രാത്രി വാഹനത്തിലെത്തിയാണ് മാലിന്യം തള്ളിയിരുന്നത്. 21ാം തീയതി ‘മാലിന്യത്താൽ വലഞ്ഞ് ജനം’തലക്കെട്ടിൽ ‘മാധ്യമം’ഇത് വാർത്തയാക്കിയിരുന്നു.
മാലിന്യം തള്ളിയിരുന്ന ഇടത്തെ ഉമ നഴ്സിങ് ഹോം മുമ്പ് കാസർകോട്ടെ പ്രമുഖ ആശുപത്രിയായിരുന്നു. പിന്നീട് പൂട്ടുകയായിരുന്നു. കാടുപിടിച്ച് വിജനമായ ഇവിടെ വാടകവീടുകളടക്കം ഉണ്ടായിരുന്നെങ്കിലും മാലിന്യദുർഗന്ധം കാരണം എല്ലാവരും ഒഴിഞ്ഞുപോവുകയായിരുന്നു. പലരും വാഹനങ്ങളിൽ മൂക്കുപൊത്തിയാണ് ഇതുവഴി പോയിരുന്നത്. തികച്ചും ദുസ്സഹമായിരുന്നു ഇവിടത്തെ കാഴ്ച.
തെരുവുനായ്ക്കളും മറ്റും മാലിന്യം റോഡിലേക്ക് വലിച്ചുകൊണ്ടിടുന്നതും കോഴിമാലിന്യമടക്കം ഇവിടെ തള്ളുന്നതായും കൗൺസിലർ ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു. വാർഡ് അംഗമടക്കം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. വാർത്ത വന്നതോടെ ജനം പ്രശ്നം ഏറ്റെടുത്തു. തുടർന്നാണ് അഞ്ചാം വാർഡ് അംഗം ഹേമലത നഗരസഭയിൽ അറിയിച്ചതും ശുചീകരണ വിഭാഗം വന്ന് മാലിന്യം മുഴുവനായി നീക്കിയതും.

