ഒടുവിൽ വന്ധ്യംകരണം; തെരുവുനായ്ക്കളുടെ എണ്ണം കുറയും
text_fieldsകാസർകോട്: ജില്ലയിലെ തെരുവുനായ് ആക്രമണത്തിന് ഒരുപരിധിവരെ ആശ്വാസമേകാൻ വന്ധ്യംകരണം ആരംഭിച്ചു. തെരുവുനായ് ശല്യം സംബന്ധിച്ച് ‘മാധ്യമം’ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഒടുവിലാണ് തെരുവുനായ് നിയന്ത്രണത്തിനായി മുളിയാറിൽ തുടങ്ങിയ എ.ബി.സി കേന്ദ്രത്തിൽ വന്ധ്യംകരണ പ്രവർത്തനമാരംഭിച്ചത്.
ആരംഭപദ്ധതി എന്നനിലയിൽ മുളിയാർ, പുല്ലൂർ പെരിയ, മധൂർ, മടിക്കൈ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ട ഹോട്ട്സ്പോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ വന്ധ്യംകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയ കേന്ദ്ര കേരള സർവകലശാലയിൽ ശനിയാഴ്ച പ്രവർത്തകർ പട്ടിപിടുത്തം ആരംഭിച്ചിരുന്നു.
നിരവധി തെരുവുനായ്ക്കൾ സർവകലാശാല കാമ്പസിനകത്ത് ഉണ്ടെന്ന പരാതിയെ തുടർന്നാണ് ആദ്യഘട്ടമായി സർവകലാശാല തിരഞ്ഞെടുത്തതെന്നും ഇവിടെനിന്ന് ഒമ്പത് പട്ടികളെ പിടിക്കുകയും വന്ധ്യംകരണത്തിനായി മുളിയാർ എ.ബി.സി കേന്ദ്രത്തിൽ എത്തിച്ചെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ.കെ. സന്തോഷ് കുമാർ പറഞ്ഞു. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി മുളിയാറിലെ എ.ബി.സി കേന്ദ്രം മേയ് 19ന് നാടിന് സമർപ്പിച്ചിരുന്നുവെങ്കിലും മൃഗസംരക്ഷണ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനമാരംഭിച്ചിരുന്നില്ല. ആഗസ്റ്റ് 18ന് എ.ബി.സി കേന്ദ്രം സന്ദർശിച്ച കേന്ദ്രസംഘം പ്രവർത്തിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.
തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ തിരഞ്ഞെടുക്കുകയും പഞ്ചായത്ത്, മൃഗാശുപത്രി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ യോഗംചേരുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി തെരുവുനായ് വാക്സിനേഷൻ പരിപാടിയുടെ നിരീക്ഷണസമിതി ഉണ്ടാക്കുകയും അതിലൂടെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുകയും ചെയ്തു. ജനറൽ അനസ്തേഷ്യ പ്രോട്ടോകോൾ ഉപയോഗിച്ചുകൊണ്ടാണ് വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുക. തുടര്‍ന്ന്, പെണ്‍പട്ടികളെ അഞ്ചുദിവസവും ആണ്‍പട്ടികളെ നാലുദിവസവും ആന്റി ബയോട്ടിക്കുകള്‍ നല്കി നിരീക്ഷണത്തില്‍ വെച്ചതിനുശേഷം തിരികെ വിടും.
ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ.കെ. സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ. വിക്രം, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ, കേന്ദ്ര കേരള സർവകലാശാല പ്രതിനിധി ഗുരുശങ്കര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

