ഒടുവിൽ ദുരിതത്തിന് പരിഹാരം; അടുക്കത്ത്ബയലിലും നുള്ളിപ്പാടിയിലും നടപ്പാലം വരും
text_fieldsനടപ്പാലം അനുവദിച്ചുകിട്ടിയ നുള്ളിപ്പാടിയും അടുക്കത്ത്ബയലും
കാസർകോട്: നീണ്ടകാലത്തെ പ്രദേശവാസികളുടെ മുറവിളികൾക്കൊടുവിൽ കാസർകോട് അടുക്കത്ത്ബയലിലും നുള്ളിപ്പാടിയിലും നടപ്പാലം വരുന്നു. വാഹനാപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയായ കാസർകോട് അടുക്കത്ത്ബയലിൽ വൈകിയാണെങ്കിലും അധികൃതർ കണ്ണുതുറന്നതിൽ നാട്ടുകാർക്ക് സന്തോഷമായി. നടപ്പാലം അനുവദിച്ചതായി കഴിഞ്ഞദിവസമാണ് അധികൃതരിൽനിന്ന് അറിയിപ്പുണ്ടായത്. അടുക്കത്ത്ബയലിൽ നടപ്പാലത്തിനായി നാട്ടുകാർ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടിരുന്നു. അടുക്കത്ത്ബയൽ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയും മുഹ് യിദ്ദീൻ ജമാഅത്ത് കമ്മിറ്റിയും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചായിരുന്നു കേന്ദ്രമന്ത്രിയെ കണ്ടത്.
അന്ന് മന്ത്രി ഉറപ്പും നൽകിയതാണ്. എന്നാൽ, നടപടി വൈകിയതിൽ നിരന്തരമായി ജനപ്രതിനിധികൾ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ദേശീയപാത നിർമാണ സമയത്തുതന്നെ ക്ഷേത്രവും പള്ളിയും സ്ഥിതിചെയ്യുന്ന അടുക്കത്ത്ബയലിൽ അടിപ്പാതയോ നടപ്പാലമോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടിപ്പാത അനുവദിച്ചത് അടുക്കത്ത്ബയൽ ഹൈസ്കൂളിനടുത്തായിരുന്നു. ഇതേ തുടർന്ന് ദൂരം കണക്കിലെടുത്ത് അടുക്കത്ത്ബയലിൽ നടപ്പാലം ആവശ്യം നാട്ടുകാർ മുന്നോട്ടുവെച്ച് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തുവരുകയായിരുന്നു. ഇവിടെ ദേശീയപാത മുറിച്ചുകടക്കവെ വീട്ടമ്മ മരിച്ചതടക്കം നിരവധി അപകടങ്ങൾ നടന്നിരുന്നു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള നുള്ളിപ്പാടിയിലും ഇതേ ആവശ്യവുമായി നാട്ടുകാർ രംഗത്തുവന്നിരുന്നു. ഒരുവർഷത്തിലധികം ഇതിനായി സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. നുള്ളിപ്പാടി പ്രദേശവാസികൾക്ക് റോഡ് മുടിച്ചുകടക്കണമെങ്കിൽ കാസർകോട് ടൗണിനെയോ അണങ്കൂരിലുള്ള അടിപ്പാതയെയോ ആശ്രയിക്കണം. സ്വകാര്യ ആശുപത്രിയടക്കം നിരവധി വ്യാപാരസ്ഥാപനങ്ങളുമുള്ള നുള്ളിപ്പാടിയിൽ നടപ്പാലം വേണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിന്ന് ബന്ധപ്പെട്ടവരിൽ സമ്മർദം ശക്തമാക്കിയിരുന്നു.
ഇവിടെ അടിപ്പാതയോ നടപ്പാലമോ ഇല്ലാത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ള നാട്ടുകാർ യാത്രാദുരിതം നേരിട്ടിരുന്നു. ഇതിന് പരിഹാരമായി കഴിഞ്ഞദിവസം ആശ്വാസവാർത്തയെത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ യു.എൽ.സി.സി ഉദ്യോഗസ്ഥരും മറ്റും നുള്ളിപ്പാടി പ്രദേശം സന്ദർശിക്കുകയും നടപ്പാലം അനുവദിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്തു. ഇതോടൊപ്പം യാത്രാദുരിതം നേരിടുന്ന മൊഗ്രാൽപുത്തൂർ കുന്നിലിലും നടപ്പാലം അനുവദിച്ചിട്ടുണ്ട്.
നുള്ളിപ്പാടിയിൽ പ്രവേശനം: പ്രമേയമവതരിപ്പിച്ച് സി.പി.എം അംഗം
കാസർകോട്: ദേശീയപാത 66ൽ തലപ്പാടി-ചെങ്കള ആദ്യ റീച്ചിലെ നുള്ളിപ്പാടിയിൽ പ്രവേശന വഴിയൊരുക്കണമെന്ന് പ്രമേയമവതരിപ്പിച്ച് സി.പി.എമ്മിലെ കൗൺസിലർ. കാസർകോട് നഗരസഭ പ്രമേയം പാസാക്കുകയും ചെയ്തു. ചെന്നിക്കര വാർഡ് കൗൺസിലറും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ അനിൽ ചെന്നിക്കരയാണ് തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പ്രമേയമവതരിപ്പിച്ചത്. ഹൊന്നമൂല വാർഡ് കൗൺസിലർ സക്കീന മൊയ്തീൻ പിന്താങ്ങി.
ദേശീയപാത നിർമാണം പൂർത്തിയായതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. കാസർകോട്-ചെങ്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കയറാനായി നുള്ളിപ്പാടിയിൽ സൗകര്യമൊരുക്കണം. ഇവിടെ സർവിസ് റോഡും ദേശീയപാതയും സമനിരപ്പിൽ കടന്നുപോകുന്നയിടമാണ്. നിലവിൽ നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കയറാൻ മൂന്നു കിലോമീറ്ററകലെ കലക്ടറേറ്റിന് സമീപമുള്ള ബി.സി റോഡ് ജങ്ഷൻ കഴിഞ്ഞുള്ള പ്രവേശനവഴി മാത്രമാണുള്ളത്. നുള്ളിപ്പാടിയിൽ ദേശീയപാത പ്രവേശനം സാധ്യമായാൽ ഒരുപരിധിവരെ കുരുക്കിന് പരിഹാരമാകും. പ്രമേയത്തെ കൗൺസിൽ യോഗം ഒറ്റക്കെട്ടായി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

