മരിച്ചെന്ന് കരുതിയ പിതാവ് 40 വർഷങ്ങൾക്കുശേഷം തിരിച്ചെത്തി
text_fieldsലീൻ അഗസ്റ്റിൻ കുടുംബത്തോടൊപ്പം
കാഞ്ഞങ്ങാട്: മരിച്ചെന്ന് കരുതിയ പിതാവിനെ 40 വർഷങ്ങൾക്കുശേഷം മക്കൾക്ക് തിരിച്ചു കിട്ടി. മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ ഇടപെടലിൽ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീൻ അഗസ്റ്റിൻ കുടുംബത്തോടൊപ്പം ഒത്തുചേർന്നു. മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതരുടെ നിരന്തരമായ പരിശ്രമം ഇതിന് പിന്നിലുണ്ട്. നാലുപതിറ്റാണ്ട് മുമ്പാണ് ലീൻ അഗസ്റ്റിൻ കുടുംബത്തിൽനിന്ന് അകന്നുപോയത്. തുടർന്ന് 16 വർഷം മുമ്പ് മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചേർന്നു. ഇത്രയും കാലം സ്ഥാപനത്തിലെ അന്തേവാസിയായി കഴിയുകയായിരുന്നു.
പിതാവിനെ കാണാതായതിനെതുടർന്ന് മക്കൾ വർഷങ്ങളോളം പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏറെക്കാലം കഴിഞ്ഞതോടെ മരിച്ചിരിക്കാമെന്ന ധാരണയിലായിരുന്നു കുടുംബം. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം ഏറെ വേദനയോടെ കഴിയുകയായിരുന്നു. സ്ഥാപന അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ലീൻ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് മക്കളുമായി ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയും ചെയ്തു.
വിവരം ലഭിച്ചതോടെ മക്കൾ സ്ഥാപനത്തിലെത്തുകയും 40 വർഷങ്ങൾക്കുശേഷം പിതാവിനെ നേരിൽ കാണുകയും ചെയ്തു. ഏറെ വികാരനിർഭരമായ കൂടിക്കാഴ്ചക്കൊടുവിൽ പിതാവിനൊപ്പം മക്കൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ 20 വർഷത്തോളമായി ആരോരുമില്ലാത്തവർക്കും കുടുംബത്തിൽനിന്ന് അകന്നുപോയവർക്കും സംരക്ഷണവും അഭയവും നൽകിവരുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. നിലവിൽ 120 ഓളം അച്ഛനമ്മമാർക്ക് സ്ഥാപനം അഭയവും പരിചരണവും നൽകിവരുന്നു. സുമനസ്സുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. നാലു പതിറ്റാണ്ടുകളുടെ വേർപാടിന് ഒടുവിൽ കുടുംബത്തിന്റെ സ്നേഹവും തണലും തിരിച്ചുകിട്ടിയ ഈ നിമിഷം ന്യൂ മലബാർ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ അഭിമാനകരമായ നേട്ടമായതായി സ്ഥാപന അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

