കായിക കുടുംബത്തിലെ താരമാണിവൻ
text_fieldsകായികകുടുംബത്തിലെ താരമാണ് ക്രിസ്റ്റോ തോമസ്. പിതാവ് തോമസ് സെബാസ്റ്റ്യനും മാതാവ് സീമ മൈക്കിളും കായികമേഖലയിൽ താൽപര്യമുള്ളവരായതുകൊണ്ട് മക്കളും അതേ ട്രാക്കിലെ താരങ്ങളായി. ബുധനാഴ്ച നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ല കായികമേളയിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ 1500 മീറ്ററിലും 800 മീറ്ററിലും സ്വർണം നേടി കായികകുടുംബത്തിലെ താരമായിരിക്കുകയാണ് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ക്രിസ്റ്റോ.
1989ൽ ബന്തടുക്ക ഗവ. സ്കൂളിൽ പഠിക്കുമ്പോൾ 400, 800 മീറ്റർ ഓട്ടമത്സരത്തിൽ സംസ്ഥാന ചാമ്പ്യനും പഞ്ചാബിൽ നടന്ന ദേശീയമത്സരത്തിൽ നാലാം സ്ഥാനവും നേടിയ പിതാവ് തോമസ് സെബാസ്റ്റ്യനാണ് ക്രിസ്റ്റോയുടെ റോൾമോഡൽ.
ഇദ്ദേഹം നീന്തലിൽ 100 മീറ്റർ ഫ്രീ സ്റ്റൈലിൽ ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ജില്ല ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. നിലവിൽ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടറാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സീമ മൈക്കിൾ സ്കൂൾകാലത്ത് വോളിബാൾ പ്ലെയറുമായിരുന്നു. ഇവരിപ്പോൾ ബെദിര എ.യു.പി സ്കൂൾ അധ്യാപികയാണ്.
ക്രിസ്റ്റോ തോമസിന്റെ സഹോദരൻ ആറാം ക്ലാസുകാരനായ ക്രിസ് വിൻ തോമസ് കഴിഞ്ഞവർഷം സബ് ജൂനിയർ 400 മീറ്ററിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ, ഇവരുടെ മൂത്ത സഹോദരി ക്രിസ്റ്റീന അന്ന തോമസ് 200, 400 മീറ്റർ ഓട്ടമത്സരത്തിൽ മികവുകാട്ടിയതാണ്. ഇവരിപ്പോൾ ജർമനിയിൽ പഠിക്കുകയാണ്. ക്രിസ്റ്റോ തോമസിന്റെ മത്സരം വീക്ഷിക്കാനും നിർദേശം നൽകാനും പിതാവ് ട്രാക്കിന് സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

