കലക്ടറുടെ പേരിൽ പണം ആവശ്യപ്പെട്ട് വ്യാജ വാട്സ്ആപ് സന്ദേശം
text_fieldsകലക്ടറുടെ പേരിൽ തയാറാക്കിയ വാട്സ് ആപ് സന്ദേശം
കാസർകോട്: കലക്ടറുടെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ വാട്സ്ആപ് സന്ദേശം. കളനാട് വില്ലേജ് ഓഫിസിലെ റവന്യൂ ഉദ്യോഗസ്ഥനോടാണ് ശനിയാഴ്ച വൈകീട്ട് 5.33ന് കലക്ടർ കെ. ഇമ്പശേഖറിന്റെ പേരിൽ പണമയക്കാൻ ആവശ്യപ്പെട്ട് വാട്സ് ആപ് സന്ദേശം ലഭിച്ചത്. റവന്യൂ ഉദ്യോഗസ്ഥന് പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത്.
വിയറ്റ്നാമിലെ വ്യാജ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെയാണ് പണം ആവശ്യപ്പെട്ടത്. ഇംഗ്ലീഷിൽ കലക്ടറുടെ ഫോട്ടോ ഡി.പിയായി വെച്ച നമ്പറിൽനിന്നാണ് ശനിയാഴ്ച വൈകീട്ട് 5.33ന് പണം ചോദിച്ച ആദ്യ മെസേജ് വന്നത്. പലരോടും ഇങ്ങനെ പണമാവശ്യപ്പെട്ട് സന്ദേശമയച്ചിരുന്നു.
സുഖമാണോ, ഇപ്പോൾ നിങ്ങൾ എവിടെയാണ് എന്ന് വിശേഷം ചോദിച്ചുതുടങ്ങിയ സംഭാഷണത്തിന് വില്ലേജ് ഓഫിസർ ബഹുമാനപുരസരം മറുപടി നൽകിയ ഉടനെ വളരെ നല്ലത്, എനിക്ക് വേണ്ടി നിങ്ങൾ പെട്ടെന്നൊരു കാര്യം ചെയ്യണമെന്നും ഒരടിയന്തര മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ എനിക്കുവേണ്ടി ഞാൻ പറയുന്ന ആൾക്ക് ഒരു ഫണ്ട് നിങ്ങൾ ഉടൻ അയക്കണമെന്നും ഇന്നത്തെ ദിവസം അവസാനിക്കുന്നതിന് മുന്നേ അത് തിരിച്ചുനൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കലക്ടറുടെ ശ്രദ്ധയിൽപെട്ട ഈ തട്ടിപ്പിൽ ജാഗ്രതവേണമെന്നറിയിച്ച് പിന്നീട് കലക്ടർ ഫേസ്ബുക്കിൽ പോസ്റ്റിട്ട് ജനങ്ങളെ അറിയിക്കുകയായിരുന്നു. രണ്ടുപേരോടാണ് ഇങ്ങനെ വാട്സ്ആപ് വഴി പണം ചോദിച്ച് സന്ദേശമയച്ചത്. +84813918100 എന്ന വിയറ്റ്നാം ബിസിനസ് വാട്സ്ആപ് അക്കൗണ്ടിൽനിന്നാണ് മെസേജ് വന്നിരിക്കുന്നത്. എല്ലാം ശനിയാഴ്ച വൈകീട്ടാണ് അയച്ചതും. ഇതിൽ അടിയന്തരനടപടിക്ക് പൊലീസിന് കലക്ടർ നിർദേശവും നൽകിയിട്ടുണ്ട്. സൈബർ കുറ്റകൃത്യം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

