പരുന്തിനും പഠിക്കണം പോലും!
text_fieldsപരുന്ത് ക്ലാസിൽ നിലയുറപ്പിച്ചപ്പോൾ
കാസർകോട്: കാസർകോട്ടെ ഒരു വിദ്യാലയത്തിൽ വിദ്യാർഥികൾ മാത്രമല്ല പഠിക്കുന്നത്, ഒരു പരുന്തും പഠിക്കാനെത്തുന്നുണ്ട്...!. 2024 നവംബറിലാണ് പരുന്ത് കാസർകോട് ഗവ. ജി.എച്ച്.എസ്.എസിൽ അഡ്മിഷനെടുത്തതെന്ന് സോഷ്യൽ സയൻസ് അധ്യാപകനായ സി.കെ. മദനൻ മാസ്റ്റർ അൽപം കൗതുകത്തിലും നർമം കലർത്തിയും പറയുന്നു.
കഴിഞ്ഞതവണ ഇവിടെ അടുത്തുതന്നെയുള്ള ഗവ. ജി.യു.പി സ്കൂളിൽ നടന്ന പി.എസ്.സി പരീക്ഷക്കിടെ ഉദ്യോഗാർഥിയുടെ ഹാൾ ടിക്കറ്റ് തട്ടിപ്പറിച്ച് കൊണ്ടുപോയി പിന്നീട് ഉദ്യോഗാർഥിയോട് അനുകമ്പ തോന്നി പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പായി നിലത്തിട്ടുകൊടുത്ത് വാർത്തയിൽ ഇടംപിടിച്ചതും ഈ വിദ്യാർഥിപ്പരുന്തു തന്നെയാണെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘മാധ്യമം’ കഴിഞ്ഞ ഏപ്രിൽ 11ന് ഇതുസംബന്ധിച്ച് ‘ഹാൾ ടിക്കറ്റ് കട്ടോണ്ടുപോയി’ തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. എന്നാൽ, ഇപ്പോഴിതാ സ്കൂളിൽ വിദ്യാർഥികളുടെ കൂടെ എനിക്കും പഠിക്കണമെന്ന ഗമയിൽ ക്ലാസിൽ ചുറ്റിപ്പറ്റി നിൽക്കുകയാണ്. സഹജീവികളോട് സ്നേഹം കാണിക്കുന്നതിന്റെ ഭാഗമായി അതിനെ ആരും ഉപദ്രവിക്കാറില്ലെന്നും അധ്യാപകരേയും വിദ്യാർഥികളേയും ഉറ്റ സുഹൃത്തായി കാണുകയും നല്ല ഇണക്കം കാണിക്കുന്നതായും മദനൻ മാഷ് പറയുന്നു.
ഇങ്ങനെ പരുന്തുള്ളത് ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ അറിയിച്ചെങ്കിലും അവരത് കാര്യമാക്കിയില്ലത്രേ. ഇതിന്റെ പ്രധാന ഹോബി വിദ്യാർഥികൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ബാൾ തട്ടിപ്പറിച്ച് കൊണ്ടുപോയി മരത്തിന്റെ കൊമ്പിലിരിക്കുകയും പിന്നീട് ഗ്രൗണ്ടിന് മധ്യത്തിൽ കൊണ്ടിടുകയും ചെയ്യുക എന്നതാണ്. പരുന്തിന്റെ കളി മനസ്സിലാക്കിയ വിദ്യാർഥികൾ കടലാസ് ബാളുണ്ടാക്കി ഗ്രൗണ്ടിൽ വെച്ചു. അതും പരുന്ത് വന്ന് എടുത്തു.
പക്ഷേ, തന്നെ പറ്റിച്ചതാണെന്ന് മനസ്സിലായ പരുന്ത് പിന്നീട് ആ കളിക്ക് നിന്നില്ല എന്നും വിദ്യാർഥികൾ പറയുന്നു. പക്ഷേ, ഇപ്പോഴും മൂപ്പര് ഗ്രൗണ്ടിലെ കളി ഒഴിവാക്കിയിട്ടില്ല. സ്കൂൾ പ്രവേശനോത്സവത്തിന് സജീവമായി ഉണ്ടായിരുന്ന പരുന്ത് സ്ഥിരം താമസമാക്കിയിരിക്കുകയാണിവിടെ. ആദ്യം സ്കൂൾ ഓഫിസ് റൂമിനടുത്താണ് എത്തിയതെങ്കിലും ഇപ്പോൾ പല ക്ലാസിലും പല പാഠങ്ങളും പഠിച്ച് വിദ്യാർഥിപ്പരുന്ത് എ പ്ലസ് നേടാനുള്ള പുറപ്പാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

