ദേശീയപാതയിൽനിന്ന് കുമ്പള ടൗണിലേക്ക് പ്രവേശനമില്ല; ഇനി ടൗണിലെത്താൻ കാസർകോട്ടുനിന്നുള്ള വാഹനങ്ങൾ സർവീസ് റോഡിനെ ആശ്രയിക്കണം
text_fieldsകുമ്പള ടൗണിലെ പുതിയ ട്രാഫിക് പരിഷ്കരണം
മൊഗ്രാൽ: കുമ്പള ടൗണിലേക്ക് ദേശീയപാതയിൽനിന്ന് നേരിട്ട് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു. ഇതോടെ, ഇനി ടൗണിലെത്താൻ കാസർകോട്ടുനിന്ന് വരുന്ന വാഹനങ്ങളും ബസുകളും വീതികുറഞ്ഞ സർവിസ് റോഡിനെ ആശ്രയിക്കേണ്ടിവരും. കാസർകോട് ഭാഗത്തേക്ക് പോകേണ്ടതും ഇതേ സർവിസ് റോഡിലൂടെയാണ്. ഇത് വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും.
ജനപ്രതിനിധികൾ വിഷയത്തിൽ കൈമലർത്തിയിരുന്നു. അതുകൊണ്ട് അവസാന ശ്രമമെന്നനിലയിൽ കുമ്പള പൗരസമിതി ബി.ജെ.പി ജില്ല പ്രസിഡന്റ് എം.എൽ. അശ്വിനിയെ കണ്ട് ഇടപെടൽ നടത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ടുകണ്ട് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനായി പൗരസമിതി കുമ്പളയിൽനിന്ന് പരാതി നൽകുന്നതിനായി വ്യാപാരികളടക്കം നൂറുകണക്കിനാളുകളുടെ ഒപ്പുശേഖരണവും നടത്തിയിരുന്നു. സിഗ്നൽ സംവിധാനമെങ്കിലും നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ഇപ്പോൾ എല്ലാ പ്രതീക്ഷയും മങ്ങി. നിർമാണവുമായി മുന്നോട്ടുപോകാനാണ് നിർമാണ കമ്പനിയോട് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ടൗണിൽ ദേശീയപാത പൂർത്തിയാക്കുന്നതിനായി സംരക്ഷണമതിൽ നിർമാണത്തിനായി കഴിഞ്ഞദിവസം മുതൽ പുതിയ ട്രാഫിക് സംവിധാനം നിർമാണ കമ്പനി അധികൃതർ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കാസർകോട് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിപാതവഴി ടൗണിലേക്ക് വരുന്നില്ലെന്ന പരാതി മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർഥികൾക്കും വ്യാപാരികൾക്കുമുണ്ട്.
അഞ്ഞൂറോളം വ്യാപാരികളുള്ള കുമ്പള ടൗണിന്റെ കവാടം അടക്കരുതെന്നുകാണിച്ച് നേരത്തെ ജനപ്രതിനിധികൾക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കും നിരന്തരമായി നിവേദനങ്ങളും മറ്റും നൽകിയിരുന്നെങ്കിലും എല്ലാം ബന്ധപ്പെട്ടവർ അവഗണിച്ചുവെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. മുൻകൂട്ടി കണ്ടുകൊണ്ട് ഈ വിഷയം ബന്ധപ്പെട്ടവരെ ധരിപ്പിക്കുന്നതിൽ കുമ്പള ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും ശ്രമിച്ചില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
പുതിയ ട്രാഫിക് സംവിധാനം രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് കുമ്പളയിലെ വ്യാപാരികൾ പറയുന്നുണ്ട്. കുമ്പളയിലെ വ്യവസായ-വാണിജ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ അടിപാതവഴി വീതികുറഞ്ഞ സർവിസ് റോഡിലൂടെ കുമ്പള ബസ് സ്റ്റാൻഡ് വഴി പോകാൻ ഏറെ പാടുപെടേണ്ടിവരും. അതിനിടെ, സർവിസ് റോഡിന്റെ വീതികൂട്ടാൻ സ്ഥലം ഏറ്റെടുക്കുന്നതിന് കുമ്പള ഗ്രാമപഞ്ചായത്ത് ബന്ധപ്പെട്ടവരുടെ സഹായം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

