മാലിന്യമുക്ത ജില്ല; നടപടി ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്
text_fieldsകാസർകോട്: മാലിന്യമുക്ത ജില്ല പ്രഖ്യാപനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മാലിന്യസംസ്കരണ ലംഘനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കി. ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേര്‍ക്കയില്‍ ക്വാര്‍ട്ടേഴ്സുകളായി ഉപയോഗിക്കുന്ന അഞ്ചോളം കെട്ടിടസമുച്ചയങ്ങളുള്ള ക്വാര്ട്ടേഴ്സില്നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും റോഡരികില്‍ പ്രത്യേക കെട്ടിനുള്ളില്‍ കൂട്ടിയിടുകയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഒരു കെട്ടിടത്തില്‍നിന്നുള്ള മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുകുന്നതും കണ്ടെത്തിയതിനെതുടര്‍ന്ന് ഉടമക്ക് 15,000 രൂപ പിഴചുമത്തി. ക്വാര്ട്ടേഴ്സില്നിന്നുള്ള ഉപയോഗ ജലം റോഡരികിലെ പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടതിന് ക്വാര്‍ട്ടേഴ്സ് ഉടമയില്‍നിന്ന് 5000 രൂപ തത്സമയ പിഴയീടാക്കി. മലിനജലം സോക്പിറ്റിലേക്ക് ഒഴുക്കിവിടാതെ ക്വാര്‍ട്ടേഴ്സിനരികില്‍ കെട്ടിനിര്ത്തിയതിന് പടുവടുക്കത്തുള്ള ക്വാര്‍ട്ടേഴ്സ് ഉടമയില്‍നിന്ന് 5000 രൂപ തത്സമയം പിഴ ഈടാക്കിയിട്ടുണ്ട്.
പന്നിപ്പാറയിലെയും ബേര്‍ക്കയിലെയും വാലി, കോംപ്ലക്സ്, ബില്‍ഡിങ് എന്നിവയുടെ ഉടമകളില്‍നിന്ന് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 2000 രൂപ വീതം തത്സമയ പിഴ ചുമത്തി. കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ പൊടിപ്പള്ളത്തുള്ള പ്രധാന റോഡരികില്‍ കറുവത്തടുക്ക എന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് അവസരമൊരുക്കിയ സ്ഥലമുടമക്ക് 5000 രൂപ പിഴ ചുമത്തുകയും സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിനും മാലിന്യം നിക്ഷേപിക്കാന്‍ പറ്റാത്ത രീതിയില്‍ നെറ്റുകള്‍ സ്ഥാപിക്കുന്നതിനും നിർദേശം നല്‍കുകയും ചെയ്തു. കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും മാലിന്യം വലിച്ചെറിഞ്ഞതിനുമായി ഏത്തഡുക്കയിലെ ഇലക്ട്രിക്കല്‍സ്, ടീ ഷോപ്, സ്റ്റോര്‍ എന്നീ സ്ഥാപനം ഉടമകള്‍ക്കും 2000 രൂപ പ്രകാരം തത്സമയ പിഴ ചുമത്തിയിട്ടുണ്ട്.
അജൈവമാലിന്യം തരംതിരിച്ച് ഹരിതകര്‍മ സേനക്ക് ഏല്പ്പിക്കാത്തതിനും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം ക്വാര്‍ട്ടേഴ്സ് പരിസരത്ത് വലിച്ചെറിഞ്ഞ് വൃത്തികേടാക്കിയതും കണ്ടെത്തിയതിനാല്‍ കാഞ്ഞങ്ങാട് ടി.വി റോഡിലെ ക്വാര്‍ട്ടേഴ്സ് ഉടമക്ക് 10,000 രൂപയും മാലിന്യം കത്തിച്ചതിന് ആവിക്കരയിലെ ഹാഷി ക്വാർട്ടേഴ്സ് ഉടമക്ക് 5000 രൂപയും പിഴ നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, അസി. സെക്രട്ടറി കെ.വി. സഹജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. രശ്മി, സ്ക്വാഡ് അംഗം ഇ.കെ. ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.