എൻഡോസൾഫാൻ സെൽ നിലച്ച് മൂന്നുവർഷം പുതിയ മന്ത്രിയെ കാത്ത് ഇരകൾ
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ പരിരക്ഷിക്കാനുള്ള ‘എൻഡോസൾഫാൻ സെൽ’ നിശ്ചലമായിട്ട് മൂന്നുവർഷം. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കാലത്ത് രണ്ട് സെൽയോഗങ്ങളാണ് ആകെ ചേർന്നത്. പുതിയ മന്ത്രിസഭയിൽ കെ.എം. ഷാജിക്കാണ് ചുമതല. ഏറ്റവും പ്രധാനമായി ചെയ്യാനുള്ളത് 2017ൽ തയാറാക്കിയ പട്ടികയിലെ 1031 പേർക്ക് മനുഷ്യാവകാശ കമീഷൻ നിശ്ചയിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നടപ്പാക്കുകയെന്നതാണ്. തുക ലഭിക്കാൻ അക്ഷയ വഴി അപേക്ഷിക്കണമെന്ന് പത്രപരസ്യം നൽകിയെങ്കിലും ഇരകളായ പലരും വിവരം അറിഞ്ഞില്ല.
പട്ടികയിലെ ആകെയുള്ള 1031 പേരിൽ 300 ഓളംപേർ മാത്രമാണ് അപേക്ഷിച്ചത്. 2012ൽ തയാറാക്കി തുടങ്ങിയ പട്ടികയിലെ ഫോൺ നമ്പറുകൾ പലതും ആക്ടിവല്ല. വിവരം ലഭിക്കാത്തവർക്ക് വീണ്ടും പത്ര പരസ്യം നൽകാനാണ് തീരുമാനം. 1031 പേർക്ക് അഞ്ചുലക്ഷം വീതം നൽകാൻ 50 കോടി രൂപയാണ് വേണ്ടത്.
ഇതിന്റെ പകുതി കഴിഞ്ഞ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. ഇവരുടെ മറ്റ് ആവശ്യങ്ങൾ ഒന്നും ഇപ്പോൾ പരിഗണിക്കുന്നില്ല. പെൻഷൻ മുടങ്ങി മൂന്നുമാസമായി. മരുന്ന് ചിലപ്പോൾ മാത്രം ലഭിക്കും. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മരുന്ന് ജില്ല ആശുപത്രി, പ്രൈമറി ഹെൽത്ത് സെന്റർ, നീതി മെഡിക്കൽസ് എന്നിവിടങ്ങളിൽനിന്നാണ് ലഭിക്കണ്ടത്. നീതിയിൽനിന്ന് ഒന്നും ലഭിക്കാറില്ല എന്ന് നേരത്തേ പരാതിയുള്ളതാണ്. അഞ്ചു ലക്ഷം രൂപ നൽകുന്ന നടപടി പുരോഗിക്കുന്നുണ്ട് എന്നും മറ്റ് കാര്യങ്ങൾക്ക് മന്ത്രിസഭ തീരുമാനം വേണമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനായി മുളിയാറിൽ നിർമിക്കുന്ന പുനരധിവാസ പദ്ധതിയും എങ്ങുമെത്തിയില്ല. കരാറുകാർക്ക് ഫണ്ട് ലഭിക്കാത്തതുകൊണ്ടാണ് പദ്ധതിക്ക് തടസ്സമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

