തെരഞ്ഞെടുപ്പ്; വിദ്വേഷം പ്രചരിപ്പിച്ചാൽ കർശന നടപടി
text_fieldsകാസർകോട്: വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഇത്തരം ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏര്‍പ്പെടുവാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കർശന നിർദേശേം.
മറ്റു കക്ഷികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും, പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണം.
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. ഏതെങ്കിലും സ്ഥാനാർഥിക്കോ, സമ്മതിദായകനോ അവര്‍ക്ക് താല്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പാടില്ല. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയവ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് എന്നിവയില്‍ അയാളുടെ അനുവാദം കൂടാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാ വാക്യങ്ങള്‍ എഴുതുന്നതിനോ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര് എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍ കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും പ്രചാരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും തുല്യ അവസരം നല്‍കണം. പ്രത്യേക കക്ഷിക്കോ സ്ഥാനാർഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റിവെച്ചിട്ടില്ലെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഉറപ്പുവരുത്തണം.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കണം. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കണം. അതിനുവേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.
പൊതുയോഗങ്ങള്‍
പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിച്ചിരിക്കണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാർഥിയോ ഉറപ്പുവരുത്തണം.അത്തരത്തില്‍ ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്.
തങ്ങളുടെ അനുയായികള്‍ മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉറപ്പുവരുത്തണം. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാർഥിയോ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുവാദം വാങ്ങിയിരിക്കണം.
ജാഥകള്‍
ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ബഹുമാനപ്പെട്ട സൂപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം. ജാഥകള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും ജാഥയുടെ റൂട്ടും, ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതും അവ പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്.
ജാഥ കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അവ ക്യത്യമായി പാലിക്കണം. ഗതാഗതകുരുക്ക് ഒഴിവാക്കുകയും ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. മറ്റ് പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടുനടക്കുന്നതും പരസ്യമായി കോലം കത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ലഘുലേഖകള്‍, പോസ്റ്ററുകള്‍
ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേൽപറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിതഫോറത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.
തെരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

