ഏകലവ്യ സ്കൂള്‍, സോളാര്‍ പാര്‍ക്ക് പദ്ധതികൾ: അഡീ.ചീഫ് സെക്രട്ടറി സന്ദർശിച്ചു
text_fieldsഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ നിർമിക്കുന്നതിന്
ഏറ്റെടുത്ത കരിന്തളം കോയിത്തട്ടയിലെ സ്ഥലം അഡീ. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സന്ദര്‍ശിക്കുന്നു
കാസർകോട്: ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുത്ത കരിന്തളം കോയിത്തട്ടയിലും ചീമേനിയിലെ നിര്‍ദിഷ്ട സോളാര്‍ പാര്‍ക്ക് പദ്ധതി പ്രദേശത്തും അഡി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സന്ദര്‍ശിച്ചു. സ്കൂളിനായി നിലവിലെ 10 ഏക്കറിനു പുറമേ അഞ്ച് ഏക്കര്‍ സ്ഥലം കൂടി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. നിലവിലുള്ള സ്ഥലം കാട് തെളിച്ച് അതിരടയാളങ്ങള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു. കഴിഞ്ഞമാസം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്ത സ്കൂള്‍ സന്ദര്‍ശിച്ച ഇദ്ദേഹം പരിശീലകരും അധ്യാപകരും വിദ്യാര്‍ഥികളുമായി സംസാരിച്ചു.
ചീമേനി സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തി. നീലേശ്വരത്തെ ഇ.എം.എസ് സ്റ്റേഡിയവും അദ്ദേഹം സന്ദര്‍ശിച്ചു.
ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ, തഹസില്‍ദാര്‍ എന്‍. മണിരാജ്, റവന്യൂ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ കായിക അഭിരുചി വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചതാണ് ഏകലവ്യ മാതൃക സഹവാസ കായിക സ്കൂൾ. നീലേശ്വരം ബങ്കളത്താണ് ഏകലവ്യ സ്കൾ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

