‘മയക്കുമരുന്ന്: സഹായിക്കുന്നവരെ പൊലീസ് പൂട്ടണം’
text_fieldsകാഞ്ഞങ്ങാട്: സ്കൂൾ, കോളജ് വിദ്യാർഥികളെ വഴിതെറ്റിക്കുകയും രക്ഷിതാക്കളെ ആശങ്കയിലാക്കുകയും ചെയ്യുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ പൊലീസും എക്സൈസും കർശന നടപടികൾ എടുക്കണമെന്നും മയക്കുമരുന്ന് മാഫിയയെ തഴച്ചുവളരാൻ സഹായിക്കുന്ന ഉന്നതരെ പൂട്ടാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എൻ.സി.പി.എസ് ജില്ല യോഗം ആവശ്യപ്പെട്ടു.
മയക്കുമരുന്നിന് അടിമയാകുന്ന യുവാക്കളും വിദ്യാർഥികളും കൊലയാളികളായി മാറുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലാകുന്നവരെ പുറത്തിറക്കാൻ ഉന്നതർ പൊലീസിൽ സ്വാധീനം ചെലുത്തുന്ന സംഭവങ്ങളുമുണ്ട്. ഇത്തരക്കാർ രക്ഷപ്പെടുകയും കഞ്ചാവ് കാരിയർമാർ പിടിയിലാവുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കാസർകോട് പൊലീസ് പിടികൂടിയവരെ രക്ഷിക്കാൻ പല ഉന്നതരും പൊലീസിനെ വിളിക്കുകയുണ്ടായി.
സഹായിക്കുന്ന ഉന്നതരെ ജയിലിലാക്കിയാൽ മയക്കുമരുന്ന് ലോബിയെ തളർത്താൻ കഴിയുമെന്നും യോഗം ചൂണ്ടിക്കാണിച്ചു. വിദ്യാർഥികളിലും യുവാക്കളിലും വർധിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും യോഗം വ്യക്തമാക്കി. യോഗത്തിൽ ജില്ല പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സി. ബാലൻ, ബെന്നി നാഗമറ്റം, ഉദിനൂർ സുകുമാരൻ, ഒ.കെ. ബാലകൃഷ്ണൻ, ഹമീദ് ചേരങ്കൈ, സീനത്ത് സതീശൻ, ലിജോ സെബാസ്റ്റ്യൻ, രാഹുൽ നിലാങ്കര, നാസർ പള്ളം, മോഹനൻ ചുണ്ണംകുളം, ഖദീജ മൊഗ്രാൽ, രമ്യ രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

