അപകടലഹരിയിൽ നാട്; പിടിച്ചമർത്താൻ പൊലീസ്
text_fieldsകാസർകോട്: ജില്ലയിൽ ലഹരി ഉപയോഗം അപകടകരമായ നിലയിലേക്ക് വളരുന്നതായി കണക്കുകൾ. നടപ്പു വർഷം ജില്ലയിൽ പൊലീസ് -നർകോട്ടിക് വിഭാഗം 1004 കേസുകൾ രജിസ്റ്റർ ചെയ്തത് ചരിത്രത്തിലെ ഏറ്റവും വലിയ കണക്കാണ്.
1170 പ്രതികളാണ് ജില്ലയിൽ ഈ കേസുമായി ജയിലിലായത്. സെപ്റ്റംബറിൽ 227, ആഗസ്റ്റിൽ 173 കേസുകൾ രജിസ്റ്റർ ചെയ്തത് ഉയർന്ന നിരക്കാണ്. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക ദൗത്യസംഘത്തിന്റെ പ്രകടനമാണ് ഇത്രയും കേസുകൾ പുറത്തുകൊണ്ടുവരാൻ കാരണം.
എത്തുന്ന ലഹരി വസ്തുക്കളുടെ മൂന്നുശതമാനം മാത്രമാണ് പിടിക്കപ്പെടുന്നതെന്ന് അധികൃതർ തന്നെ പറയുന്നു. നേരത്തേ കഞ്ചാവായിരുന്നു പ്രധാന കടത്ത് എങ്കിൽ, എളുപ്പത്തിൽ കടത്താൻ കഴിയുന്ന സിന്തറ്റിക് മയക്കുമരുന്നുകളാണ് ഇപ്പോൾ കൊണ്ടുവരുന്നത്. കഞ്ചാവ് പൊതികളും ചാക്കുകളും എളുപ്പത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽപെടുന്നതാണ് കാരണം. എം.ഡി.എം.എ കഞ്ചാവിനേക്കാൾ വിലകൂടിയതും ലാഭം കൂടിയതുമാണ്.
വാഹനങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ ഒളിപ്പിച്ചുകൊണ്ടുവരാനാകും. ഒരു തണ്ണിമത്തനകത്ത് കോടികളുടെ ചരക്ക് കടത്താനാകും എന്നാണ് പറയുന്നത്. കഞ്ചാവ് കടത്ത് ഇപ്പോൾ അഞ്ചിൽ ഒന്നായി കുറഞ്ഞു. എം.ഡി.എം.എയാണ് ഏറ്റവും കൂടുതൽ കടന്നുവരുന്നത്. ലൈസർജിക് ആസിഡ് ഡൈത്തലാമൈഡ്(എൽ.എസ്.ഡി.) എന്ന സിന്തറ്റിക് ലഹരിവസ്തുവാണ് ഏറ്റവും പുതിയ 'സാധനം'. നാക്കിനടിയിൽ സ്റ്റാമ്പ് പോലെ ഒട്ടിച്ചുവെച്ച് ലഹരിക്കടിപ്പെടാം. കുട്ടികളെ കാർന്നുതിന്നു ഈ വസ്തു എളുപ്പത്തിൽ മരണത്തിലേക്കുള്ള വഴിയുമാണ്.
എൽ.എസ്.ഡി കടത്തിയതിനു ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ബേക്കൽ പൊലീസാണ്. കഴിഞ്ഞ വർഷം എക്സൈസിനു 545 കി.ഗ്രാം. കഞ്ചാവാണ് ലഭിച്ചത്. ഇത്തവണ 113 കിലോ മാത്രമാണ് ലഭിച്ചത്. ഹഷീഷ്, കഞ്ചാവ് ചെടി, ബ്രൗൺഷുഗർ, ഹഷീഷ് എണ്ണ തുടങ്ങിയ ഇനങ്ങളും കടത്തുന്നുണ്ട്.
ലഹരിക്കെതിരെയുള്ള നടപടി ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ഇത്രയും പിടികൂടാനായതെന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി എ.എം. മാത്യു പറഞ്ഞു. ലഹരിവേട്ടയിൽ കൂടുതൽ ശക്തമായ നടപടിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രപ്രദേശ്, ഒഡിഷ അതിർത്തി പ്രദേശങ്ങളിൽനിന്നാണ് മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നത്.
കാസർകോട് ജില്ലയിൽ കർണാടകയുമായി പങ്കിടുന്ന തലപ്പാടി, ആദുർ, പാണത്തൂർ ദേശീയ, സംസ്ഥാന പാതകളാണ് പ്രധാന കടത്തുവഴികൾ. ആന്ധ്രപ്രദേശിലെ അതിർത്തി ജില്ലകളിൽ നിന്നാണ് പ്രധാനമായും ഇവ വരുന്നത്.
മാവോവാദി, തീവ്രവാദ പ്രദേശങ്ങളിലെ ഭരണം പോലും അതത് സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലല്ല. ഭരണകൂടവും തീവ്രവാദികളും തമ്മിലുള്ള ബന്ധങ്ങളും ഇവിടെ ശക്തമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

