ലഹരിമരുന്ന്: ഇൻസ്റ്റഗ്രാമിന് നോട്ടീസ്; 61 അക്കൗണ്ടുകൾ നീക്കി
text_fieldsകാസർകോട്: ലഹരിക്കെതിരെ സർക്കാർ എടുക്കുന്ന നടപടികളുടെ ഭാഗമായി ഇൻസ്റ്റഗ്രാമിന് നോട്ടീസ്. ഇൻസ്റ്റഗ്രാമിൽ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന റീൽസും ബി.ജി.എമ്മുകളും മലയാളം ഉൾപ്പെടെയുള്ള ചലച്ചിത്ര വിഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്ന 61 അക്കൗണ്ടുകൾ നീക്കുകയും ചെയ്തു.
സൈബർ ഓപറേഷൻസ് മേധാവി അങ്കിത് അശോകന്റെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. മലയാളികളുടെയും അല്ലാത്തതുമായ അക്കൗണ്ടുകൾ ഇതിലുൾപ്പെടുന്നു. മേലിൽ ഇത്തരം പോസ്റ്റുകളും അക്കൗണ്ടുകളും പ്രോത്സാഹിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇൻസ്റ്റഗ്രാമിന് നോട്ടീസ് അയച്ചത്. കൂടുതൽ നടപടിയിലേക്ക് സൈബർ ഓപറേഷൻ വിഭാഗം നീങ്ങുകയാണ്.
സിനിമകളിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുംവിധം ചില ഗ്ലോറിഫിക്കേഷനുകളും, ഡയലോഗുകളും, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകളും ഉൾപ്പെടുത്തുന്നത് കുട്ടികളിൽ തെറ്റായ സന്ദേശമാണ് എത്തിക്കുന്നതെന്ന പൊതുപ്രവർത്തകൻ ചെറുവത്തൂരിലെ എം.വി. ശിൽപരാജ്, കാസർകോട്ടെ ശ്രീനിവാസ് പൈ എന്നിവർ സൈബർ സെൽ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് ഇക്കാര്യം പരാതിക്കാരെ സൈബർ സെൽ നടപടി അറിയിക്കുകയും ചെയ്തു. നവമാധ്യമങ്ങളിൽ കൂടി നടക്കുന്ന ലഹരി പ്രോത്സാഹനത്തെക്കുറിച്ച് ശ്രീനിവാസ് പൈ റിപ്പോർട്ട് ശേഖരിക്കുകയും ശിൽപരാജ് വിവരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇല്ലാതാക്കാൻ കൂടുതൽ കർക്കശമായ നിരീക്ഷണം സമൂഹ മാധ്യമങ്ങളിൽ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സൈബർ ഓപറേഷൻസ് മേധാവി അങ്കിത് അശോകൻ ഐ.പി.എസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

