കുടിവെള്ളം റോഡിലൊഴുകുന്നു; കണ്ണടച്ച് അധികൃതർ
text_fieldsകോടതി റോഡിൽ താലൂക്ക് ഓഫിസിനടുത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കാസർകോട്: പത്തു ദിവസമായി കുടിവെള്ളം റോഡിൽ പരന്നൊഴുകുന്നു. വാട്ടർ അതോറിറ്റി നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പഴയ കോടതി പരിസരത്തായാണ് പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൊഴുകി പാഴാകുന്നത്. നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും പൈപ്പ് പൊട്ടിയത് നന്നാക്കാനോ വെള്ളമൊഴുക്ക് നിർത്താനോ തയാറായില്ലെന്നാണ് പരിസരത്തെ കടയുടമകൾ പറയുന്നത്.
ജനപ്രതിനിധികളടക്കം നിരവധിതവണ ഈ ഭാഗത്തുകൂടി പോകുന്നുണ്ടെങ്കിലും ആരും ഇത് കാണുന്നില്ലെന്നും ആരോപണമുണ്ട്. കുടിവെള്ളം ഒഴുകി തായലങ്ങാടി വരെ എത്തുന്നുണ്ട്. പത്തു ദിവസമായി ഈ സ്ഥിതി തുടരുകയാണെന്നാണ് പരാതി. കൂടാതെ, വെള്ളമൊഴുകുന്ന സ്ഥലത്ത് ഓയിൽ വെള്ളത്തിൽ കലർന്ന് ഇരുചക്രവാഹനമടക്കം വഴുതി റോഡിൽ വീഴുന്നതും പതിവാണെന്ന് ജനങ്ങൾ പറയുന്നു. അപകടങ്ങളും മറ്റും തുടരുന്നതിന് മുന്നേ ഇത് എത്രയും പെട്ടെന്ന് നന്നാക്കി കുടിവെള്ളം പാഴാകുന്നത് നിർത്തണമെന്നാണ് ജനം പറയുന്നത്.
വേനൽച്ചൂടിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. താലൂക്ക് ഓഫിസിന്റെ മുന്നിലാണ് ഇങ്ങനെ വെള്ളമൊഴുകുന്നത്. ഇതിന് അടുത്തുള്ള മൂന്നുനാല് കടകളിലേക്ക് പോകുന്ന പൈപ്പാണ് പൊട്ടിയത്. കടയിലുള്ളവർ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, ഇതുവരെ നടപടിയെടുക്കാൻ തയാറായില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

