ഓവുചാലിൽ മാലിന്യം നിറഞ്ഞു; കുമ്പളയിൽ മത്സ്യമാർക്കറ്റ് തുറക്കാൻ നടപടിയായില്ല
text_fieldsകുമ്പള മത്സ്യമാർക്കറ്റിനരികിലെ ഓവുചാലിൽ മാലിന്യം തള്ളിയനിലയിൽ
മൊഗ്രാൽ: പുതുതായി നിർമിച്ച കുമ്പളയിലെ മത്സ്യമാർക്കറ്റ് പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്തതുമൂലം മത്സ്യവിൽപന കേന്ദ്രത്തിനരികിലെ ഓവുചാലുകളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്നാണ് പൂർത്തിയായിക്കിടക്കുന്ന മത്സ്യമാർക്കറ്റ് തുറന്നുകൊടുക്കാഞ്ഞത്. പഴയ മത്സ്യമാർക്കറ്റ് പൊളിച്ചുനീക്കി ആധുനിക സംവിധാനങ്ങളോടുകൂടിയാണ് പുതിയ മത്സ്യ മാർക്കറ്റ് നിർമിച്ചിരിക്കുന്നത്.
മത്സ്യവിൽപന കേന്ദ്രത്തിനരികിലെ ഓവുചാലുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ പല പ്രാവശ്യം പഞ്ചായത്തധികൃതരും എൻഫോഴ്സ്മെന്റ് സ്ക്വാഡും ആരോഗ്യവിഭാഗവും പരിശോധന നടത്തി മത്സ്യവിൽപന തൊഴിലാളികൾക്കും സമീപത്തെ വ്യാപരികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനയെ മത്സ്യവില്പന തൊഴിലാളികളും മറ്റും ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
നേരത്തെ മത്സ്യ മാർക്കറ്റിനരികിലെ പോസ്റ്റ് ഓഫിസ് സ്ഥലത്ത് വ്യാപകമായി മാലിന്യം വലിച്ചെറിയുമായിരുന്നു. അവിടെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുമ്പള പോസ്റ്റ് ഓഫിസിന് സ്വന്തമായി കെട്ടിടം പണി ആരംഭിച്ചതോടെ മാലിന്യം ഓവുചാലിലേക്ക് തള്ളുന്ന അവസ്ഥയായി.
ഇത് മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാവുകയും വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന അവസ്ഥയിലേക്കും എത്തിച്ചു. പുതിയ ഭരണസമിതി അധികാരമേറ്റയുടൻ മത്സ്യ മാർക്കറ്റ് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും മത്സ്യവില്പന തൊഴിലാളികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

