ഈ നീരൊഴുക്ക് നിലക്കരുത്...
text_fieldsശുചീകരിച്ച കുമ്പള കോഴിപ്പാടി മുജിമുടി തോട്
മൊഗ്രാൽ: ലക്ഷങ്ങൾ ചെലവഴിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് നവീകരിച്ച കുമ്പള കോയിപ്പാടി മുജിമുടി തോടിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന് പ്രദേശവാസികൾ. കുമ്പള പുഴയുമായി സംഗമിക്കുന്ന മുജിമുടി തോട് പ്രകൃതിരമണീയത കൊണ്ട് സമ്പന്നമാണ്.
കത്തുന്ന വേനലിലും വറ്റാത്ത നീരുറവയുള്ള മുജിമുടി തോട് കുമ്പളയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്. എന്നാൽ, വർഷങ്ങളായി കാടുവളർന്ന് പ്ലാസ്റ്റിക് മാലിന്യം അഴിഞ്ഞുകൂടി മുജിമുടി തോടിലെ ഒഴുക്ക് നിലച്ചിരുന്നു. ഈവർഷമാണ് ഇതിന് പുതുജീവൻ വെച്ചത്.
കുമ്പള ഗ്രാമപഞ്ചായത്ത് 2022-23ലെ വാർഷികപദ്ധതിയിൽ എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് മുജിമുടി തോട് ശുചീകരിച്ചത്. കോയിപ്പാടി-കൊപ്പളം തീരദേശ റോഡിന്റെ സമീപത്തുള്ള 800 മീറ്റർ ദൈർഘ്യമുള്ള മുജിമുടി തോട് തണ്ണീർത്തട സംരക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരിച്ചത്. മാലിന്യം നീക്കിയതോടെ പ്രദേശത്തെ ദുർഗന്ധത്തിനും പരിഹാരമായി.
എന്നാൽ, കഴിഞ്ഞ നാലഞ്ചു ദിവസങ്ങളിലായി പെയ്ത മഴയിൽ ശുചീകരണ സമയത്ത് തോടിന്റെ സമീപത്തായി ഇട്ടിരിക്കുന്ന മണ്ണും മാലിന്യവും തോടിലേക്കുതന്നെ വീഴുന്ന സാഹചര്യമാണുള്ളതെന്നും മഴ ശക്തമായാൽ വീണ്ടും പഴയപടിയാവാൻ സാധ്യത ഏറെയാണെന്നും പ്രദേശവാസികൾ പറയുന്നു.
2023-24ലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കി മുജിമുടി തോടിന് സംരക്ഷണഭിത്തി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 800 മീറ്റർവരെ ഇരുഭാഗത്തുമായി സംരക്ഷണഭിത്തി ഒരുക്കാൻ വലിയ ഫണ്ട് ആവശ്യമാണെന്നിരിക്കെ കേന്ദ്ര ഹാർബർ ഫണ്ടോ സംസ്ഥാന ജലവിഭവ വകുപ്പ് ഫണ്ടോ ലഭ്യമാക്കി തോട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

