വഴിപാട് രസീത് തുണയായി; ട്രെയിൻ തട്ടി മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞു
text_fieldsകാസർകോട്: ആറു മാസം മുമ്പ് ട്രെയിൻ തട്ടി തിരിച്ചറിയാനാവാത്ത വിധം ശരീരം ചിതറിപ്പോയ അജ്ഞാതനെ വഴിപാട് രസീതിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞു. മൂഡബിദ്രിക്കടുത്ത് ബെല്ലുബായി സ്വദേശി ഈശ്വര (52)ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് വീട്ടിൽനിന്ന് ആരോടും പറയാതെ ഇറങ്ങിയ ഈശ്വരയെ കാണാനില്ലെന്ന് സൂചിപ്പിച്ച് വീട്ടുകാർ 12ന് കാർക്കല പൊലീസിൽ പരാതി നൽകിയിരുന്നു. 10ന് കളനാട് പാലത്തിന് സമീപം റെയിൽവേ പാളത്തിനരികെ ഒരാൾ തീവണ്ടി തട്ടി മരിച്ച വിവരം മേൽപറമ്പ് പൊലിസിനു ലഭിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരിക്കുകയായിരുന്നു ശരീരം.
സ്ഥലത്തുനിന്ന് ആകെ തെളിവായി ലഭിച്ചത് പഴകി ദ്രവിച്ച കർണാടക കർക്കല സിറ്റി നഴ്സിങ് ഹോമിലെ ബില്ലും ഒരു ക്ഷേത്രത്തിലെ ഒരു വർഷം മുമ്പത്തെ വ്യക്തമല്ലാത്ത വഴിപാട് രസീതുമാണ്. എസ്.ഐ. വിജയൻ, സി.പി.ഒമാരായ ശ്രീജത്, രജീഷ് എന്നിവർ കാർക്കല പൊലീസ് സ്റ്റേഷനിലും നഴ്സിങ് ഹോമിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
തിരിച്ചറിയാത്ത കേസുകളിൽ ആറു മാസത്തിനുശേഷം അന്വേഷണ നടപടികൾ അവസാനിപ്പിക്കാമെന്നാണ് ചട്ടം. അവസാന ശ്രമമെന്ന നിലയിൽ കീറിപ്പറിഞ്ഞ വഴിപാട് രസീതിൽ കണ്ട പൂർണമല്ലാത്ത ഫോൺ നമ്പരിലെ അവസാന അക്കങ്ങൾ പലതവണ മാറ്റി സി.പി.ഒ ശ്രീജിത്ത് വിളിച്ചുനോക്കി. അത് ദക്ഷിണ കർണാടകയിലെ ഒരു ക്ഷേത്രത്തിലെ നമ്പറാണെന്ന് വ്യക്തമായി.
കർണാടക സംസാരിക്കാനറിയുന്ന രജീഷ് എന്ന പൊലീസുകാരന്റെ സഹായത്തോടെ നാട്ടിൽനിന്ന് കാണാതായവരുടെ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഈശ്വര എന്നയാളെ കാണാത്ത വിവരം അറിയുന്നത്. ഉടൻ അയാളുടെ മകനെ ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മേൽപറമ്പ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ബന്ധുക്കൾ മേല്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി സി.ഐ. ഉത്തംദാസിനെയും കേസ് അന്വേഷിക്കുന്ന എസ്.ഐ. വിജയനെയും കണ്ടു. മരിച്ചയാളുടെ അടയാള വിവരങ്ങൾ കൈമാറി ട്രെയിൻ തട്ടി മരിച്ചത് പിതാവാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് ബന്ധുക്കൾ ഈശ്വരയെ മറവ് ചെയ്ത നുള്ളിപ്പാടി ശ്മശാനത്തിൽ എത്തി.
ശരീരം മറവുചെയ്ത ഭാഗത്ത് കാൽതൊട്ട് വന്ദിച്ച് കണ്ണീർ പൊഴിച്ച് ബന്ധുക്കൾ മടങ്ങി. അജ്ഞാത മൃതശരീരത്തിന്റെ യഥാർഥ ബന്ധുക്കളെ കണ്ടെത്തിയ ആത്മനിർവൃതിയിലാണ് പൊലീസുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

