ദേശീയ കടുവ കണക്കെടുപ്പ് ഇന്ന് അവസാനിക്കും
text_fieldsജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിൽനിന്ന്
കാസർകോട്: ഡിസംബർ ഒന്നു മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പ് തിങ്കളാഴ്ച അവസാനിക്കും. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും മാംസഭുക്കുകളുടെയും സാന്നിധ്യവും അവയുടെ കാൽപാടുകളും വിസർജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖപ്പാടുകൾ, മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നിരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.
തുടർന്നുള്ള രണ്ടു ദിവസം നിശ്ചിത ബ്ലോക്കിനുള്ളിൽ രണ്ടു കിലോമീറ്റർ നേർരേഖയിൽ നിരീക്ഷണപാത തീർക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ അതിരാവിലെ വന്യജീവിയെയും കൂട്ടങ്ങളെയും നേരിൽ കാണുന്നത് രേഖപ്പെടുത്തിയും രണ്ടു കിലോമീറ്ററിനുള്ളിൽ ഓരോ 400 മീറ്റർ അവസാനിക്കുന്ന പോയന്റുകളിലും 15 മീറ്റർ വൃത്തപരിധിയിൽ വന്ന രണ്ടു മീറ്ററിൽ കൂടുതൽ ഉയരമുള്ള സസ്യജാതികളുടെ ഇനവും തരവും രേഖപ്പെടുത്തുകയും ചെയ്തു.
എം-സ്ട്രൈപ് മൊബൈൽ ആപ്പിന്റെ ഇക്കോളജിക്കൽ മൊഡ്യൂളിലെ വിവിധ ഫോമുകൾ ഉപയോഗിച്ചാണ് എട്ടുദിന പ്രോട്ടോകോൾ വിവരങ്ങൾ രേഖപ്പെടുത്തിവരുന്നതെന്നും കാസർകോട് ജില്ലയിൽ മുളിയാർ, കാറഡുക്ക, പരപ്പ, അഡൂർ, മണ്ടക്കേൽ, പനത്തടി എന്നീ ഭാഗങ്ങളിലാണ് ദേശീയ കടുവ കണക്കെടുപ്പ് നടത്തിവരുന്നതെന്നും കാസർകോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജോസ് മാത്യു പറഞ്ഞു. ജില്ലയിലെ സർവേ പ്രവർത്തനങ്ങൾക്ക് റേഞ്ച് ഫോറസ്റ്റ് ഓഫിസറും ജില്ല കോഓഡിനേറ്ററുമായ സി.വി. വിനോദ് കുമാർ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.വി. സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.എ. ബാബു, ബി. സേസപ്പ, ബി.എസ്. വിനോദ് കുമാർ, എം.പി. രാജു, എം. ചന്ദ്രൻ, യു.ജി. അർജുൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

