നായ് ശല്യം രൂക്ഷം; തദ്ദേശ തെരഞ്ഞെടുപ്പിൽ വിഷയമാകും
text_fieldsജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന തെരുവുനായ്ക്കൂട്ടം
കാസർകോട്: നാടുനീളെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ആക്രമിച്ചും ഓടിച്ചും നായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുമ്പോൾ ഇതിന് തടയിടേണ്ട പഞ്ചായത്തധികൃതർ നിയമത്തെ പരിചാരി കൈകഴുകുകയാണ്. ഓരോ വർഷത്തെയും മാസത്തെയും കണക്കെടുത്തുനോക്കിയാൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരവധി പേർക്കാണ് തെരുവുനായ് ആക്രമണത്തിൽ കടിയേറ്റത്.
പേവിഷബാധ വാക്സിനുവേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയാകട്ടെ 14.48 കോടി രൂപയും. എന്നിട്ടും തെരുവുനായ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ വിഷയം തന്നെയാണ് ജനങ്ങൾക്ക് പറയാനുള്ളത്. തെരുവുനായ് വന്ധ്യംകരണത്തിനുള്ള എ.ബി.സി പദ്ധതിക്ക് ഫണ്ട് വകയിരുത്താത്ത തദ്ദേശസ്ഥാപനങ്ങൾവരെ ജില്ലയിലുണ്ട് എന്നാണ് പറയുന്നത്.
തെരുവുനായ് ശല്യം രൂക്ഷമായവേളയിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനായി പിടിച്ച് മരുന്ന് കുത്തിവെച്ചിരുന്നു. എന്നിട്ടും നായ്ക്കളുടെ എണ്ണം കുറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തദ്ദേശവകുപ്പിന്റെ നിർദേശപ്രകാരം തെരുവുനായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനുമായി കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നൽകുമെന്നാണ് പറയുന്നത്. അതും നാട്ടുകാർ പിടിച്ച് എ.ബി.സി കേന്ദ്രത്തിലെത്തിക്കണം. അതിനിടെ ജില്ലയിൽ ആദ്യമായി മുളിയാറിൽ സ്ഥാപിച്ച എ.ബി.സി സെന്ററിനെതിരെ പ്രദേശവാസികളിൽനിന്നുണ്ടായ എതിർപ്പ് മറ്റുപ്രദേശങ്ങളിലും എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

