ഡി.എം.ഒയെ ഉപരോധിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
text_fieldsഡി.എം.ഒ ഓഫിസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
കാഞ്ഞങ്ങാട്: ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ജില്ല മെഡിക്കൽ ഓഫിസറെ ഉപരോധിച്ചു. ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ല ആശുപത്രിക്ക് സമീപത്തെ ജില്ല മെഡിക്കൽ ഓഫിസറുടെ മുറിയിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് കവാടത്തിൽ കുത്തിയിരുന്ന് ഉപരോധിച്ചു. നേതാക്കൾ ഉൾപ്പെടെ പത്തോളം പ്രവർത്തകരെ തിങ്കളാഴ്ച ഉച്ചയോടെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
കേരളം നമ്പർ 1 എന്ന് പി.ആർ പരസ്യം നടത്തുന്ന ഇടതുസർക്കാർ ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കി. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ നിലവിലില്ല. അവശ്യമരുന്നുകൾപോലും സർക്കാർ ആശുപത്രികളിൽനിന്ന് ലഭിക്കുന്നില്ല -യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു. മാർട്ടിൻ ജോർജ്, രതീഷ് കാട്ടുമാടം, ജിബിൻ പയ്യനൂർ, രജിത രാജൻ, ഷിബിൻ ഉപ്പിലിക്കൈ, വസന്തൻ, ആബിദ് എടച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

