ജില്ല പഞ്ചായത്ത്; സാബു എബ്രഹാം പ്രസിഡന്റ്, കെ.കെ. സോയ വൈസ് പ്രസിഡന്റ്
text_fieldsഅധികാരമേറ്റ ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ കലക്ടർ അനുമോദിക്കുന്നു
കാസർകോട്: ജില്ല പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ സി.പി.എം അംഗം സാബു എബ്രഹാം ചുമതലയേറ്റു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് സാബു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്. ജെ.എസ്. സോമശേഖരയാണ് എതിർസ്ഥാനാർഥി. കുറ്റിക്കോൽ ഡിവിഷൻ പ്രതിനിധിയാണ് സാബു എബ്രഹാം. മുസ്‍ലിംലീഗ് അംഗം ഇർഫാന ഇഖ്ബാൽ വോട്ടെടുപ്പ് സമയത്ത് എത്തിയില്ല. 10.30നാണ് വോട്ടെടുപ്പ് തീരുമാനിച്ചത്. എന്നാൽ 10.34ന് എത്തിയ ഇർഫാനയെ അകത്തേക്ക് പ്രവേശിച്ചില്ല. കലക്ടർ പ്രവേശന അനുമതി നിഷേധിച്ചു.
യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ കലക്ടർ ചട്ടം വിശദമാക്കി. ഇതോടെ ഇർഫാനക്ക് വോട്ട് ചെ്യയാനായില്ല. ഏഴ് വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. പിന്നാലെ ജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബു എബ്രഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ കെ. ഇമ്പശേഖർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അസി. റിട്ടേണിങ് ഓഫിസർ എ.ഡി. എം. പി. അഖിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി കെ.കെ. സോയയെ തിരഞ്ഞെടുത്തു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് സോയ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജസ്ന മനാഫ് ആയിരുന്നു എതിർ സ്ഥാനാർഥി. പെരിയ ഡിവിഷൻ പ്രതിനിധിയാണ് സോയ. ഒരംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പ്രസിഡന്റ് സാബു എബ്രഹാം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വരണാധികാരിയായ കലക്ടർ കെ. ഇമ്പശേഖർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. അസി. റിട്ടേണിങ് ഓഫിസർ എ.ഡി.എം പി. അഖിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

