പാർക്കിങിൽ വലഞ്ഞ് ജനം
text_fieldsബദിയഡുക്ക ടൗണിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷകൾ
ബദിയടുക്ക: ബദിയടുക്ക ടൗണിൽ ട്രാഫിക് നിയന്ത്രണമേർപ്പെടുത്താത്തതിൽ വലഞ്ഞ് പൊതുജനങ്ങൾ. കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡിന്റെ നവീകരണം പൂർത്തിയായതോടെ ബദിയടുക്ക ടൗണിൽ ട്രാഫിക് നിയന്ത്രണമില്ലാത്ത അവസ്ഥയിലാണ്. ഇതുമൂലം വ്യാപാരികളും ഓട്ടോ തൊഴിലാളികളും തമ്മിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കവും ടൗണിൽ പതിവാണ്. നടപടിയെടുക്കേണ്ട അധികാരികൾ കൈയൊഴിയുന്നതായും ആക്ഷേപമുയരുന്നു.
പഞ്ചായത്തിന്റെ കീഴിൽ ആർ.ടി.ഒ-പൊലീസ് അടങ്ങിയ ട്രാഫിക് കമ്മിറ്റി ഉണ്ടെന്ന് പറയുന്നു. കഴിഞ്ഞ ഒരുവർഷമായി വ്യാപാരികൾ രേഖാമൂലം കത്ത് നൽകി പഞ്ചായത്ത് ഭരണസമിതി ട്രാഫിക് നിയന്ത്രണത്തിനായി തീരുമാനം കൈക്കൊണ്ടതായും പറയുന്നു. എന്നാൽ, ആ തീരുമാനം എവിടെയുമെത്തിയില്ലെന്നാണ് ജനം പറയുന്നത്.
ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനും ഹോട്ടലിൽ ഭക്ഷണം കഴിക്കാനുമായി ടൗണിലെത്തിയാൽ വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. കടയുടെ മുന്നിൽ പൊതുജനങ്ങൾക്ക് വാഹനം നിർത്താമെന്ന് വിചാരിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് തലങ്ങും വിലങ്ങും നിയന്ത്രണമില്ലാതെ ഓട്ടോ പാർക്ക് ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നാണ് വ്യാപാരികളടക്കം പറയുന്നത്. ഞങ്ങളുടെ നിലനിൽപ്പിലും പ്രാധാന്യമില്ലേയെന്ന് ഓട്ടോ തൊഴിലാളികളുടെ ചോദിക്കുന്നു.
ഈ പ്രതിസന്ധി തീരണമെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് നിയന്ത്രണ കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം. അതേസമയം, ആരെയും വേദനിപ്പിക്കാതെ ടൗണിന്റെ ട്രാഫിക് നിയന്ത്രണം ഉടനടിയുണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

